കോഴിക്കോട്: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിങ് ആരംഭിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിലായാണ് വോട്ടെടുപ്പ്. തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ സുരക്ഷാ ചുമതലയ്ക്കിടെ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ രണ്ട് പോലീസുകാർക്കെതിരെ നടപടി. കാഞ്ഞങ്ങാട് പോളിങ് സ്റ്റേഷനിൽ നിന്നാണ് പോലീസുകാരെ ഡ്യൂട്ടിയിൽ നിന്ന് നീക്കിയത്. പ്രിസൈഡിങ് ഓഫീസറുടെ പരാതിയിൽ ഇരുവർക്കെതിരെയും അന്വേഷണം ആരംഭിച്ചു.(Local body elections second phase, Voting in 7 districts today)
സനൂപ് ജോൺ (കാഞ്ഞങ്ങാട് കൺട്രോൾ റൂമിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ), നിഷാദ് (കാഞ്ഞങ്ങാട് കൺട്രോൾ റൂമിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ) എന്നിവരാണവർ.ഇന്നലെ രാത്രിയാണ് സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന ഇരുവരും മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രിസൈഡിങ് ഓഫീസർ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇരുവരേയും പോളിങ് സ്റ്റേഷൻ ഡ്യൂട്ടിയിൽ നിന്ന് പുറത്താക്കി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെയുള്ള ഗുരുതരമായ അച്ചടക്ക ലംഘനമായതിനാൽ ഇരുവർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്നാണ് സൂചന.
തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ വിവിധ ബൂത്തുകളിൽ വോട്ടിങ് മെഷീനുകൾ തകരാറിലായത് വോട്ടെടുപ്പിനെ താളംതെറ്റിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് പ്രധാനമായി മെഷീൻ തകരാറുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മലപ്പുറം ജില്ലയിലെ ചേലേമ്പ്ര പഞ്ചായത്തിലെ 21-ാം വാർഡിലെ 2-ാം ബൂത്തിൽ വോട്ടിങ് മെഷീൻ തകരാറിലായി. രേഖപ്പെടുത്തിയത് 2 വോട്ട് മാത്രം. ചേലേമ്പ്ര പാറയിൽ മൻഹജ് റഷാദ് കോളേജിലാണ് സംഭവം. വോട്ടെടുപ്പ് ആരംഭിച്ച ശേഷം രണ്ട് വോട്ടുകൾ മാത്രം രേഖപ്പെടുത്തിയപ്പോഴാണ് മെഷീൻ പ്രവർത്തനരഹിതമായത്. മെഷീൻ മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
കോഴിക്കോട്: മോക്ക് പോളിങ് പോലും നടത്താനായില്ല. കോഴിക്കോട് ജില്ലയിലും മെഷീൻ തകരാറ് കാരണം പോളിങ് നടപടികൾ വൈകി. വടകര ചോറോട് പഞ്ചായത്തിലെ 23-ാം വാർഡ്, ബൂത്ത് നമ്പർ 1ൽ വോട്ടിങ് മെഷീന് തകരാർ സംഭവിച്ചതിനാൽ രാവിലെ പോളിങ് ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തേണ്ട മോക്ക് പോളിങ് പോലും നടത്താൻ സാധിച്ചില്ല. പുതിയ മെഷീനുകൾ ബൂത്തുകളിൽ എത്തിച്ച ശേഷം മാത്രമേ ഈ കേന്ദ്രങ്ങളിൽ വോട്ടെടുപ്പ് പുനരാരംഭിക്കാൻ സാധിക്കൂ. മെഷീൻ തകരാറുകൾ കാരണം രാവിലെ വോട്ട് രേഖപ്പെടുത്താനെത്തിയ വോട്ടർമാർക്ക് കാത്തുനിൽക്കേണ്ടി വന്നു.
രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 6 മണിക്ക് അവസാനിക്കും. രണ്ടാം ഘട്ടത്തിൽ, 470 ഗ്രാമപ്പഞ്ചായത്തുകൾ, 77 ബ്ലോക്ക് പഞ്ചായത്തുകൾ, 7 ജില്ലാ പഞ്ചായത്തുകൾ, 47 മുനിസിപ്പാലിറ്റികൾ, 3 കോർപ്പറേഷനുകൾ എന്നിവ ഉൾപ്പെടെ ആകെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാർഡുകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
കഴിഞ്ഞ ദിവസം വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടർന്ന് വോട്ടെടുപ്പ് മുടങ്ങിയ ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി ഗവ. ഹൈസ്കൂൾ ബൂത്തിലെ റീപോളിങ്ങും ഇന്ന് നടക്കുന്നുണ്ട്. എല്ലാ ജില്ലകളിലെയും തദ്ദേശ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ മറ്റന്നാൾ (ഡിസംബർ 13, ശനിയാഴ്ച) നടക്കും.