തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുള്ള ഏഴ് ജില്ലകളിലും പോളിംഗ് സാമഗ്രികളുടെ വിതരണം പൂർത്തിയായി. വിവിധ കേന്ദ്രങ്ങളിൽ നിന്ന് പോലീസ് സുരക്ഷയിലാണ് ഉദ്യോഗസ്ഥർ പോളിംഗ് സാമഗ്രികളുമായി ബൂത്തുകളിലേക്ക് തിരിച്ചത്. പ്രശ്നബാധിത ബൂത്തുകളിലുൾപ്പെടെ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.(Local body elections second phase, Distribution of polling materials completed)
പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിൽ രാവിലെ തന്നെ ഉദ്യോഗസ്ഥർ എത്തിയിരുന്നു. രാവിലെ എട്ട് മണിയോടെ നടപടികൾ തുടങ്ങി. ത്രിതല പഞ്ചായത്തുകളിലേക്ക് മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കൺട്രോൾ യൂണിറ്റും അടങ്ങുന്ന പോളിംഗ് സാമഗ്രികളാണ് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങിയത്.
കോർപ്പറേഷനുകളിലും നഗരസഭകളിലും ഒരു ബാലറ്റ് യൂണിറ്റും ഒരു കൺട്രോൾ യൂണിറ്റും വീതമാണ് വിതരണം ചെയ്തത്. വോട്ടിംഗ് യന്ത്രങ്ങൾ പരിശോധിച്ച ശേഷമാണ് ഉദ്യോഗസ്ഥർ അതത് ബൂത്തുകളിലേക്ക് കൊണ്ടുപോയത്. ഏഴ് ജില്ലകളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കേരളാ പോലീസിന് പുറമെ, ബെംഗളൂരുവിൽ നിന്നും കോയമ്പത്തൂരിൽ നിന്നുമുള്ള ആർ.എ.എഫ് അടക്കമുള്ള കേന്ദ്രസേനാംഗങ്ങളെ വിവിധയിടങ്ങളിൽ വിന്യസിച്ചു.
കോഴിക്കോട് ജില്ലയിൽ മാത്രം 7,500 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. കണ്ണൂർ ജില്ലയിലാണ് ഏറ്റവുമധികം പ്രശ്നബാധിത ബൂത്തുകൾ ഉള്ളത് (1025 ബൂത്തുകൾ). ഇവിടെ 5,100 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. വെബ് കാസ്റ്റിംഗ് സംവിധാനങ്ങൾ ഉൾപ്പെടെ വിവിധ ബൂത്തുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.