തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസങ്ങളിൽ പൊതുഅവധി പ്രഖ്യാപിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9, 11 തീയതികളിൽ അതത് ജില്ലകളിൽ പൊതുഅവധിയും നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്ട് അനുസരിച്ചുള്ള അവധിയും അനുവദിക്കണമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ശുപാർശ ചെയ്തത്.(Local body elections, Recommendation to declare public holidays on December 9th and 11th)
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഡിസംബർ 9 ന് അവധി. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഡിസംബർ 11 ന് അവധി. വോട്ടെടുപ്പ് സമയം രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെയായിരിക്കും.
സംസ്ഥാനത്തെ ഫാക്ടറി, പ്ലാൻ്റേഷൻ, മറ്റ് ഇതര വിഭാഗം ജീവനക്കാർക്ക് പൊതു അവധി ലഭ്യമാക്കുന്നതിനോ അല്ലെങ്കിൽ അവർക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള സൗകര്യം നൽകുന്നതിനോ ആവശ്യമായ നടപടി സ്വീകരിക്കാൻ തൊഴിൽ ഉടമകൾക്ക് നിർദ്ദേശം നൽകണമെന്നും കമ്മീഷൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ വകുപ്പുകളിലെയും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് വോട്ടെടുപ്പ് ദിവസങ്ങളിൽ അവധി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാൻ കേന്ദ്ര പേഴ്‌സണൽ ആൻഡ് ട്രെയിനിങ് വകുപ്പിനോടും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അഭ്യർഥിച്ചു.