തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള സമയം അവസാനിച്ചിട്ടും മുന്നണികളിൽ വിമത ഭീഷണി തുടരുന്നു. പ്രധാന കോർപ്പറേഷനുകളായ തിരുവനന്തപുരം, കൊച്ചി, കൊല്ലം എന്നിവിടങ്ങളിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും വിമതർ കടുത്ത വെല്ലുവിളിയുയർത്തുന്നു.(Local body elections, Rebel threat intensifies, a headache for fronts)
തലസ്ഥാന നഗരസഭയിൽ എൽ.ഡി.എഫിന് നാല് വാർഡുകളിലാണ് വിമതരുള്ളത്. സി.പി.എം. മുൻ ബ്രാഞ്ച് സെക്രട്ടറി കെ.വി. മോഹനൻ (വാഴോട്ടുകോണം), 'ദേശാഭിമാനി' മുൻ ബ്യൂറോ ചീഫ് കെ. ശ്രീകണ്ഠൻ (ഉള്ളൂർ), ആനി അശോകൻ (ചെമ്പഴന്തി), കാച്ചാണി നെട്ടയം സതീഷ് എന്നിവരാണ് എൽ.ഡി.എഫിന് ഭീഷണിയുയർത്തുന്ന പ്രധാന വിമതർ.
യു.ഡി.എഫിനും കോർപ്പറേഷനിൽ വിമത ശല്യമുണ്ട്. ഘടകകക്ഷിക്ക് നൽകിയ വാർഡുകളിലാണ് കോൺഗ്രസ് വിമതർ മത്സരരംഗത്തുള്ളത്. പൗണ്ട് കടവിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിക്കെതിരായ കോൺഗ്രസ് റിബലിനെ അനുനയിപ്പിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. പുഞ്ചക്കരിയിൽ ആർ.എസ്.പി. സ്ഥാനാർത്ഥിക്കെതിരെ പത്രിക നൽകിയ മുൻ കൗൺസിലർ കൃഷ്ണവേണിയും പിന്നോട്ടില്ല.
സംസ്ഥാനത്തിൻ്റെ മറ്റ് പ്രധാന നഗരങ്ങളിലും മുന്നണികൾ കടുത്ത പ്രതിസന്ധിയിലാണ്. കൊച്ചി കോർപ്പറേഷനിൽ ഇവിടെ ഏതാണ്ട് 10 ഇടങ്ങളിൽ യു.ഡി.എഫിനും 2 ഇടങ്ങളിൽ ബി.ജെ.പിക്കും റിബലുകളുണ്ട്. മേയർ സ്ഥാനത്തേക്ക് എത്തുമെന്ന് കരുതുന്ന മഹിളാ കോൺഗ്രസ് നേതാവ് വി.കെ. മിനിമോൾക്കെതിരെ മത്സരിക്കുന്ന ജോസഫ് അലക്സ്, പൂണിത്തുറ ഡിവിഷനിൽ മത്സരിക്കുന്ന യൂത്ത് കോൺഗ്രസ് നേതാവ് ഹരീഷ് പൂണിത്തുറ, തോപ്പുംപടിയിൽ മത്സരിക്കുന്ന നിലവിലെ കൗൺസിലർ ബാസ്റ്റിൻ എന്നിവരാണ് യു.ഡി.എഫ്. വിമതരിൽ പ്രധാനപ്പെട്ടവർ. ചെറളായിൽ മത്സരിക്കുന്ന സീനിയർ കൗൺസിലർ ശ്യാമള എസ് പ്രഭുവാണ് ബി.ജെ.പി. റിബലുകളിൽ പ്രധാനി.
കൊല്ലം കോർപ്പറേഷനിൽ കുരീപ്പുഴ ഡിവിഷനിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിക്കെതിരെ കോൺഗ്രസ് വിമതൻ എസ്. ഷാനവാസ് മത്സരിക്കുന്നു. കൊല്ലൂർവിള ഡിവിഷനിൽ എൽ.ഡി.എഫ്. ജനതാദളിന് നൽകിയ സീറ്റിൽ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി രാജിവച്ച് ഐ.എൻ.എൽ. സ്ഥാനാർത്ഥിയായി (ഇഖ്ബാൽ) മത്സരിക്കുന്നത് എൽ.ഡി.എഫിന് തലവേദനയാണ്.
കൊല്ലം ജില്ലാ പഞ്ചായത്തിൽ അഞ്ചൽ ഡിവിഷനിൽ ഡി.സി.സി. നിർവാഹസമിതി അംഗമായ പി.ബി. വേണുഗോപാലും മുസ്ലിം ലീഗ് പുനലൂർ നിയോജകമണ്ഡലം വർക്കിംഗ് പ്രസിഡൻ്റായ അഞ്ചൽ ബദറുദീനും മത്സര രംഗത്തുണ്ട്. ഒരാളെ മാറ്റാനുള്ള ചർച്ച പുരോഗമിക്കുകയാണ്.
കണ്ണൂർ കോർപ്പറേഷനിൽ മേയർ സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന കോൺഗ്രസിലെ പി. ഇന്ദിരയ്ക്ക് പയ്യാമ്പലം ഡിവിഷനിൽ മഹിളാ കോൺഗ്രസ് നേതാവ് കെ.എൻ. ബിന്ദു വിമതയാണ്. വാരം ഡിവിഷനിൽ ലീഗിന് വിമത സ്ഥാനാർത്ഥിയായി സമസ്തയുടെ പിന്തുണയോടെ റയീസ് അസ് അദി മത്സരിക്കുന്നു. മുൻ കോൺഗ്രസ് നേതാവ് പി.കെ. രാഗേഷിൻ്റെ നേതൃത്വത്തിൽ 12 ഡിവിഷനുകളിൽ സ്ഥാനാർത്ഥികളുണ്ട്.
വയനാട്ടിൽ റിബൽ ഭീഷണി ഉയർത്തുന്ന യൂത്ത് കോൺഗ്രസ് നേതാവ് ജഷീർ പള്ളിവയലിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ഇളമ്പള്ളൂർ പഞ്ചായത്തിൽ പെരുമ്പുഴ വാർഡ് 11ൽ സി.പി.എം. ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ കുണ്ടറ ഏരിയ കമ്മിറ്റി അംഗവും കർഷക സംഘത്തിന്റെ ജില്ലാ ഭാരവാഹിയുമായ സോമൻ പിള്ള വിമത സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. വിമതരിൽ ചിലർ പത്രിക പിൻവലിക്കുമെന്ന പ്രതീക്ഷ മുന്നണികൾക്കുണ്ടെങ്കിലും, പലയിടത്തും ചർച്ചകൾ പരാജയപ്പെട്ട സാഹചര്യമാണ് നിലനിൽക്കുന്നത്.