ആലപ്പുഴ : തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയതോടെ പ്രധാന മുന്നണികളെല്ലാം പതിവ് പ്രചാരണ നെട്ടോട്ടം തുടങ്ങി. കേരളപ്പിറവി ദിനമായ ഇന്ന് മുതൽ പ്രചാരണ പരിപാടികൾ ഊർജിതമാക്കി സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപേ ജയം ഉറപ്പാക്കുകയാണ് മുന്നണികളുടെ ലക്ഷ്യം.(Local body elections, moves to secure votes in Alappuzha)
മുഖ്യമന്ത്രി പിണറായി വിജയൻ്റെ കഴിഞ്ഞ ദിവസത്തെ സുപ്രധാന ക്ഷേമ പ്രഖ്യാപനമാണ് എൽ.ഡി.എഫിൻ്റെ പ്രധാന പ്രചാരണ ആയുധം. ക്ഷേമപെൻഷൻ 1,600 രൂപയിൽനിന്ന് 2,000 രൂപയായി വർധിപ്പിച്ചത് സാധാരണക്കാരായ വോട്ടർമാർക്കിടയിൽ തങ്ങൾക്ക് അനുകൂലമായ തരംഗമുണ്ടാക്കുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ.
സംസ്ഥാനതല വികസന നേട്ടങ്ങൾക്കൊപ്പം, പ്രാദേശികമായി തദ്ദേശ സ്ഥാപനങ്ങൾ നടത്തിയ വികസന പ്രവർത്തനങ്ങളും എൽ.ഡി.എഫ്. ആയുധമാക്കും. യു.ഡി.എഫ്. ഭരണകാലത്ത് തുടങ്ങി പൂർത്തിയാകാതെ പോയതും എൽ.ഡി.എഫ്. ഏറ്റെടുത്ത് പൂർത്തിയാക്കിയതുമായ പദ്ധതികൾ ഗൃഹസന്ദർശനങ്ങളിലൂടെ ആളുകളിലേക്ക് എത്തിക്കും.
ഇടതുസർക്കാരിൻ്റെ ഒൻപതുവർഷത്തെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് വോട്ടുപിടിക്കാനാണ് യു.ഡി.എഫിന്റെ ശ്രമം. ഇതിൻ്റെ ഭാഗമായി കുറ്റപത്രം തയ്യാറാക്കലും പദയാത്രയുമായി യു.ഡി.എഫ്. മുന്നോട്ട് പോകുകയാണ്. എൽ.ഡി.എഫ്. ഭരിക്കുന്ന നഗരസഭകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും കുറ്റപത്രം തയ്യാറാക്കി ജനങ്ങളിലെത്തിക്കുക.
ആലപ്പുഴ നഗരസഭയിലെ കുറ്റപത്രം നാളെ പ്രസിദ്ധീകരിക്കും. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഉദ്ഘാടനം ചെയ്യുന്നത്. ഇതിനുശേഷം കുറ്റപത്രം ഓരോ വീടുകളിലുമെത്തിക്കും. പഞ്ചായത്തുകളിൽ പദയാത്രയിലൂടെയാണ് ഇടതുവീഴ്ചകൾ ചൂണ്ടിക്കാട്ടുക. വാഹനപ്രചാരണ ജാഥകളും ഉണ്ടാകും.
കേന്ദ്രസർക്കാരിൻ്റെ വികസന നേട്ടങ്ങളും ക്ഷേമപദ്ധതികളും ജനങ്ങളിലെത്തിക്കാനാണ് എൻ.ഡി.എ. പ്രധാനമായും ശ്രമിക്കുക. പി.എം. ശ്രീ ഉൾപ്പെടെയുള്ള കേന്ദ്ര പദ്ധതികൾ പ്രധാന പ്രചാരണായുധമാകും. വിവിധ വിഷയങ്ങളിലുൾപ്പെടെയുള്ള ഇടത്-വലത് മുന്നണികളുടെ നിലപാടുകളിലെ ഇരട്ടത്താപ്പ് തുറന്നുകാട്ടാനും എൻ.ഡി.എ. ശ്രമിക്കും.
വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട ആരോപണ-പ്രത്യാരോപണങ്ങളും, വിലക്കയറ്റവും മൂന്ന് മുന്നണികളുടേയും പ്രചാരണായുധങ്ങളാകും. മൂന്ന് മുന്നണികളിലും സ്ഥാനാർഥി നിർണയ ചർച്ചകൾ സജീവമാണ്. ചിലയിടങ്ങളിൽ മത്സരിക്കേണ്ടവരെ നിശ്ചയിച്ചുകഴിഞ്ഞു. തർക്കങ്ങളില്ലാതെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കാനായി ഓരോരുത്തരുമായി നേതാക്കൾ ചർച്ചകൾ നടത്തിവരുന്നു.