തിരുവനന്തപുരം: സംസ്ഥാന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യമുന്നണി (യുഡിഎഫ്) ഗംഭീര തിരിച്ചുവരവ് നടത്തി. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിലെല്ലാം യുഡിഎഫ് ആധിപത്യം നേടിയപ്പോൾ, കോർപ്പറേഷനുകളിൽ ആറിൽ നാലിടത്തും വിജയിച്ച് അധികാരം പിടിച്ചെടുത്തു. ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫും യുഡിഎഫും ഏഴെണ്ണം വീതം നേടി ഒപ്പത്തിനൊപ്പമാണ്.(Local body elections have been swept away by UDF)
കേരളത്തിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്കും എൻഡിഎയ്ക്കും ലഭിച്ച മുന്നേറ്റത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎയ്ക്ക് വേണ്ടി വോട്ട് ചെയ്ത കേരളത്തിലുടനീളമുള്ളവർക്ക് നന്ദി അറിയിച്ചുകൊണ്ട് അദ്ദേഹം സാമൂഹിക മാധ്യമമായ 'എക്സി'ൽ കുറിപ്പ് പങ്കുവെച്ചു.
കേരളത്തിലെ ജനങ്ങൾ എൽഡിഎഫ്-യുഡിഎഫ് മുന്നണികളിൽ തൃപ്തരല്ലെന്ന് മോദി കുറിച്ചു. "കേരളം എൽഡിഎഫിനെയും യുഡിഎഫിനെയും കൊണ്ട് പൊറുതിമുട്ടി. നല്ല ഭരണം കാഴ്ചവെക്കുന്നതിനും വികസിത കേരളം കെട്ടിപ്പടുക്കുന്നതിനുമുള്ള ഒരേയൊരു വഴിയാണ് അവർ എൻഡിഎയെ കാണുന്നത്." അദ്ദേഹം കൂട്ടിച്ചേർത്തു.
ചരിത്രത്തിലാദ്യമായാണ് എൻഡിഎ കേരളത്തിൽ ഒരു കോർപ്പറേഷൻ സ്വന്തമാക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ എൻഡിഎയുടെ മുന്നേറ്റം കോർപ്പറേഷൻ: 1 (തിരുവനന്തപുരം), മുനിസിപ്പാലിറ്റി: 2, ഗ്രാമപ്പഞ്ചായത്ത്: 26 എന്നിങ്ങനെയാണ്.
തലസ്ഥാന നഗരിയിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച ബിജെപി തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണം പിടിച്ചു. 50 സീറ്റ് നേടിയ എൻഡിഎയ്ക്ക് കേവല ഭൂരിപക്ഷത്തിന് ഒരാളുടെ കൂടി പിന്തുണ മതി. 29 ഡിവിഷനിൽ എൽഡിഎഫ് വിജയിച്ചപ്പോൾ, 19 ഇടത്ത് യുഡിഎഫും വിജയിച്ചു. രണ്ടിടത്ത് സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്. ബിജെപി മുൻ ജില്ലാ പ്രസിഡന്റ് വി. വി. രാജേഷ്, മുൻ ഡിജിപി ആർ. ശ്രീലേഖ (എൻഡിഎ), കെ.എസ്. ശബരിനാഥൻ (കോൺഗ്രസ്), എസ്.പി. ദീപക്, വഞ്ചിയൂർ ബാബു, മുൻ മേയർ കെ. ശ്രീകുമാർ (സിപിഎം) തുടങ്ങിയവരാണ് വിജയിച്ച പ്രമുഖർ. തലസ്ഥാനനഗരിയിൽ കോർപ്പറേഷൻ ഭരണം പിടിച്ച ബിജെപിയുടെ വളർച്ച സി.പി.എമ്മിനും കോൺഗ്രസിനുമേറ്റ അപ്രതീക്ഷിത തിരിച്ചടിയായി.
കൊച്ചി, തൃശൂർ കോർപ്പറേഷനുകളിൽ ഇടതുമുന്നണിയിൽ നിന്നും യുഡിഎഫ് ഭരണം തിരിച്ചു പിടിച്ചു. കൊല്ലത്ത് ഇതാദ്യമായി യുഡിഎഫ് അധികാരത്തിലെത്തി. കണ്ണൂരിൽ അധികാരം നിലനിർത്തുകയും ചെയ്തു. കൊച്ചിയിൽ 47 സീറ്റാണ് യുഡിഎഫ് നേടിയത്. എൽഡിഎഫ് 22 ലേക്ക് ഒതുങ്ങിയപ്പോൾ, എൻഡിഎ ആറു സീറ്റ് നേടി. ഒരു സ്വതന്ത്രനും വിജയിച്ചു.
തൃശ്ശൂരിൽ 33 സീറ്റിലാണ് യുഡിഎഫ് വിജയിച്ചത്. 13 സീറ്റിൽ എൽഡിഎഫും എട്ടു ഡിവിഷനുകളിൽ എൻഡിഎയും വിജയിച്ചു. കണ്ണൂരിൽ യുഡിഎഫ് 36, എൽഡിഎഫ് 15, എൻഡിഎ 4, മറ്റുള്ളവർ 1 എന്നിങ്ങനെയാണ് കക്ഷിനില.
ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായ കൊല്ലത്ത് അവയെല്ലാം തകർത്താണ് യുഡിഎഫ് അധികാരത്തിലേക്കെത്തുന്നത്. 25 സീറ്റുകളാണ് യുഡിഎഫ് നേടിയത്. ഇടതുപക്ഷം 15 സീറ്റുകളിലേക്ക് ചുരുങ്ങി. എൻഡിഎ ഒരു ഡിവിഷനും നേടി. മേയർ ഹണി ബെഞ്ചമിനും, മുൻ മേയർ അഡ്വ. രാജേന്ദ്രബാബുവും പരാജയപ്പെട്ടു. കൊല്ലം കോർപ്പറേഷൻ വടക്കുംഭാഗം ഡിവിഷനിൽ, യുഡിഎഫിന്റെ കുരുവിള ജോസഫിനോടാണ് മേയർ ഹണി ബെഞ്ചമിൻ തോറ്റത്. ഉളിയക്കോവിൽ ഈസ്റ്റ് ഡിവിഷനിലാണ് രാജേന്ദ്രബാബു പരാജയപ്പെട്ടത്; ഇവിടെ ബിജെപി സ്ഥാനാർത്ഥി അഭിലാഷാണ് വിജയിച്ചത്.
കോഴിക്കോട് കോർപ്പറേഷനിൽ ഇടതുമുന്നണിക്ക് 35 ഡിവിഷൻ ലഭിച്ചപ്പോൾ യുഡിഎഫിന് 28 സീറ്റുകളാണ് ലഭിച്ചത്. 13 ഡിവിഷനുകളിൽ എൻഡിഎയും വിജയിച്ചിട്ടുണ്ട്. കോഴിക്കോട് കോർപ്പറേഷനിലേക്ക് മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും കണ്ടുവെച്ചിരുന്ന സ്ഥാനാർത്ഥികൾ തോറ്റു. സി.പി.എമ്മിന്റെ സി.പി. മുസാഫർ അഹമ്മദ് മീഞ്ചന്ത ഡിവിഷനിൽ പരാജയപ്പെട്ടു. കോൺഗ്രസിന്റെ മേയർ സ്ഥാനാർത്ഥിയായിരുന്ന പി.എം. നിയാസും പരാജയം രുചിച്ചു. എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി മഹിളാമോർച്ച് സംസ്ഥാന അധ്യക്ഷയുമായ നവ്യ ഹരിദാസ് വിജയിച്ചിട്ടുണ്ട്.
കേരളത്തിലെ ആകെ ഗ്രാമപഞ്ചായത്തുകളിൽ 495 എണ്ണം യുഡിഎഫ് സ്വന്തമാക്കിയപ്പോൾ, എൽഡിഎഫിന് 343 എണ്ണമേ വിജയിക്കാനായുള്ളൂ. എൻഡിഎ 25 ഇടത്ത് നേടി. ആറിടത്ത് മറ്റുള്ളവരും നേട്ടമുണ്ടാക്കി. ബ്ലോക്ക് പഞ്ചായത്തുകളിൽ 78 എണ്ണം യുഡിഎഫും, 64 എണ്ണം എൽഡിഎഫും കരസ്ഥമാക്കി. മുനിസിപ്പാലിറ്റികളിൽ 54 എണ്ണമാണ് യുഡിഎഫിനൊപ്പം നിന്നത്. 28 എണ്ണം ഇടതുപക്ഷത്തും നിലയുറപ്പിച്ചു. രണ്ടിടത്ത് എൻഡിഎ അധികാരം നേടി. പാലക്കാട് നഗരസഭയിൽ ബിജെപി ഭരണം നിലനിർത്തിയപ്പോൾ, തൃപ്പൂണിത്തുറയിൽ ബിജെപി അധികാരം പിടിച്ചെടുക്കുകയായിരുന്നു.