തദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്‌ദ പ്രചാരണം | Local body elections

70,000 പോലീസുകാരെ ഡ്യൂട്ടിക്കായി നിയോഗിച്ചു
തദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്‌ദ പ്രചാരണം | Local body elections
Updated on

തിരുവനന്തപുരം: രാഷ്‌ട്രീയാവേശം അലതല്ലിയ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ഇന്ന് നിശബ്ദ പ്രചാരണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകൾ നാളെ ജനവിധി കുറിക്കാൻ പോളിംഗ് ബൂത്തിലെത്തും.(Local body elections, First phase of voting tomorrow)

വോട്ടർമാരുടെ മനസ്സ് കീഴടക്കാനുള്ള അവസാനവട്ട ശ്രമങ്ങളിലാണ് സ്ഥാനാർഥികളും നേതാക്കളും. വോട്ട് തേടിയുള്ള സ്ഥാനാർഥികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും നെട്ടോട്ടം ഇന്ന് അവസാനിക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലും മുമ്പെങ്ങും കാണാത്തവിധം ആളും ആരവവും ആവേശവും പ്രചാരണത്തിൽ പ്രകടമായിരുന്നു. ഭരണത്തുടർച്ച ലക്ഷ്യമിട്ടും അധികാരം തിരിച്ചുപിടിക്കാനും അട്ടിമറിക്കാനുമായി മുന്നണികൾ കളം നിറഞ്ഞതോടെ, ഗോദയിൽ വികസനം മുതൽ അഴിമതി വരെ പ്രധാന ചർച്ചാവിഷയങ്ങളായി.

തിരുവനന്തപുരം മുതൽ എറണാകുളം വരെ ഏഴ് ജില്ലകളാണ് നാളെ പോളിംഗ് ബൂത്തിലെത്തുന്നത്. ത്രിതല പഞ്ചായത്തുകളും നഗരസഭകളും ഉൾപ്പെടെ 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിലേക്കാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ആകെ 36,630 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. രാവിലെ 7 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് സമയം. 1.32 കോടിയിലധികം വോട്ടർമാർക്കായി 15,432 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്. പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ 9 മണി മുതൽ ആരംഭിക്കും.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് 480 പ്രശ്നബാധിത ബൂത്തുകളുണ്ട്. ഈ കേന്ദ്രങ്ങളിൽ പ്രത്യേക പോലീസ് സുരക്ഷയും വെബ് കാസ്റ്റിങ്ങും വീഡിയോ ഗ്രാഫിയും ഉണ്ടാകും. രണ്ടു ഘട്ടങ്ങളിലായുള്ള പോളിംഗിനായി 1.80 ലക്ഷം ഉദ്യോഗസ്ഥരെയും 70,000 പോലീസുകാരെയുമാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com