തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണയത്തിൽ 'രണ്ട് ടേം' വ്യവസ്ഥ നിർബന്ധമാക്കി CPIM | Two-term
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലെ സ്ഥാനാർഥി നിർണയത്തിൽ 'രണ്ട് ടേം' (രണ്ട് തവണ) വ്യവസ്ഥ നിർബന്ധമാക്കി സി.പി.ഐ.എം. തുടർച്ചയായി രണ്ട് തവണയിൽ കൂടുതൽ ജനപ്രതിനിധികളായവരെ വീണ്ടും സ്ഥാനാർഥിയായി പരിഗണിക്കേണ്ടെന്നാണ് പാർട്ടി സംസ്ഥാന സമിതി നൽകിയിരിക്കുന്ന നിർദേശം.(Local body elections, CPIM makes 'two-term' system mandatory in candidate selection)
തുടർച്ചയായി രണ്ടുതവണ ജനപ്രതിനിധികളായവർക്ക് ഇനി അവസരം നൽകേണ്ടതില്ല. പ്രത്യേക ഇളവുകൾ ആവശ്യമുള്ള സ്ഥാനാർഥികളുടെ കാര്യത്തിൽ ഉപരി കമ്മിറ്റികളുടെ അനുമതി തേടണം.
ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ സ്ഥാനാർഥികളുടെ കാര്യത്തിൽ ഇളവ് പരിഗണിക്കുന്നത് സംസ്ഥാന സമിതിയായിരിക്കും. മറ്റുള്ള തദ്ദേശ സ്ഥാപനങ്ങളുടെ കാര്യത്തിൽ ജില്ലാ കമ്മിറ്റിയാണ് ഇളവ് നൽകേണ്ടത്.
സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ സ്ഥാനാർഥിയാകുന്ന കാര്യത്തിലും സി.പി.ഐ.എം. നിയന്ത്രണം ഏർപ്പെടുത്തി. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ സ്ഥാനാർഥിയായി പരിഗണിക്കുന്നതല്ല. പ്യൂൺ, വാച്ച് മാൻ, കളക്ഷൻ ഏജൻ്റ് തസ്തികയിലുള്ളവർക്ക് മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്.
സഹകരണ ജീവനക്കാർ മത്സരിക്കേണ്ടി വന്നാൽ തിരഞ്ഞെടുപ്പ് കാലയളവിൽ ലീവ് എടുക്കണമെന്നും നിർദേശമുണ്ട്. ലോക്കൽ – ഏരിയാ സെക്രട്ടറിമാർ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടി വന്നാൽ, പകരം സെക്രട്ടറിയെ തിരഞ്ഞെടുത്ത ശേഷം മാത്രമേ അനുമതി നൽകാൻ പാടുള്ളൂവെന്നും സി.പി.ഐ.എം. സംസ്ഥാന സമിതി നിർദേശിച്ചു.

