തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളുടെ ചെലവ് പരിധി നിശ്ചയിച്ചു; കോർപ്പറേഷനിൽ 1.5 ലക്ഷം വരെ, കണക്കുകൾ സമർപ്പിക്കണം | Local body elections

വീഴ്ച വരുത്തിയാൽ അയോഗ്യത
Local body elections, Candidates' spending limit set
Published on

തിരുവനന്തപുരം: തദ്ദേശ പൊതുതിരഞ്ഞെടുപ്പിൽ ഓരോ സ്ഥാനാർത്ഥിക്കും വിനിയോഗിക്കാവുന്ന പരമാവധി തിരഞ്ഞെടുപ്പ് ചെലവ് തുക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചു. സ്ഥാനാർത്ഥിയോ, തിരഞ്ഞെടുപ്പ് ഏജൻ്റോ ചെലവഴിക്കുന്ന തുകയ്ക്കാണ് ഈ പരിധി ബാധകം.(Local body elections, Candidates' spending limit set)

തദ്ദേശ സ്ഥാപനങ്ങളിലെ ചെലവ് പരിധി ഗ്രാമപഞ്ചായത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിക്ക് 25,000 രൂപയും ബ്ലോക്ക് പഞ്ചായത്തിൽ 75,000 രൂപയും ജില്ലാ പഞ്ചായത്തിൽ 1,50,000 രൂപയുമാണ്. മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ 75,000 രൂപയും കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ 1,50,000 രൂപയും വരെയാണ് പരമാവധി ചെലവ് പരിധി.

സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിനായി ജില്ലകളിൽ പ്രത്യേക ചെലവ് നിരീക്ഷകരെയും നിയമിക്കും. മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പ് ചെലവിൻ്റെ കണക്കുകൾ അതത് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് സമർപ്പിക്കണം. ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകം കണക്കുകൾ നൽകണം. സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട ദിവസം മുതൽ ഫലപ്രഖ്യാപന ദിവസം വരെയുള്ള ചെലവ് കണക്കാണ് നൽകേണ്ടത്.

സ്ഥാനാർത്ഥിയോ, തിരഞ്ഞെടുപ്പ് ഏജൻ്റോ, ചെലവാക്കിയ തുക കണക്കിൽപ്പെടുത്തണം. കണക്കിനൊപ്പം രസീത്, വൗച്ചർ, ബില്ല് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സമർപ്പിക്കണം. രേഖകളുടെ ഒറിജിനൽ സ്ഥാനാർത്ഥി സൂക്ഷിക്കുകയും ആവശ്യപ്പെടുന്ന പക്ഷം പരിശോധനയ്ക്കായി നൽകുകയും വേണം. www.sec.kerala.gov.in എന്ന വെബ്‌സൈറ്റിലെ 'Election Expenditure module'-ൽ ലോഗിൻ ചെയ്ത് സ്ഥാനാർത്ഥികൾക്ക് ഓൺലൈനായും കണക്ക് സമർപ്പിക്കാവുന്നതാണ്.

തിരഞ്ഞെടുപ്പ് ചെലവ് കണക്ക് നൽകുന്നതിൽ വീഴ്ച വരുത്തുകയോ, നിശ്ചിത പരിധിയിൽ കൂടുതൽ തുക ചെലവാക്കുകയോ, തെറ്റായ വിവരങ്ങൾ നൽകിയെന്ന് ബോധ്യപ്പെടുകയോ ചെയ്താൽ കമ്മീഷൻ സ്ഥാനാർത്ഥികളെ അയോഗ്യരാക്കും. ഉത്തരവ് തീയതി മുതൽ അഞ്ച് വർഷത്തേക്കാണ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോ അംഗമായി തുടരുന്നതിനോ അയോഗ്യത കൽപ്പിക്കുക.

Related Stories

No stories found.
Times Kerala
timeskerala.com