തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച വാർഡുകളിൽ പ്രചാരണം സജീവമാക്കി മുന്നണികൾ. ഇനി സ്ഥാനാർത്ഥി നിർണയം നടത്താനുള്ള വാർഡുകളിൽ അന്തിമ ചർച്ചകൾ ഊർജ്ജിതമാക്കുകയാണ് രാഷ്ട്രീയ പാർട്ടികളും മുന്നണികളും.(Local body Elections, campaigning active)
തിരുവനന്തപുരം നഗരസഭയിൽ ബാക്കിയുള്ള സീറ്റുകളിൽ വേഗത്തിൽ സ്ഥാനാർഥി നിർണയം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫും ബി.ജെ.പിയും. പ്രഖ്യാപിച്ച സ്ഥാനാർത്ഥികൾ ഇതിനോടകം വീടുകൾ കയറിയുള്ള വോട്ടഭ്യർത്ഥന ആരംഭിച്ചു കഴിഞ്ഞു. ഇന്ന് ത്രിതല പഞ്ചായത്ത് വാർഡുകളിലേക്കും നഗരസഭാ വാർഡുകളിലേക്കുമുള്ള കൂടുതൽ സ്ഥാനാർത്ഥികളെ പാർട്ടികൾ പ്രഖ്യാപിക്കും.
കൊച്ചി കോർപ്പറേഷനിലെ സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും. 25 സ്ഥാനാർത്ഥികളുടെ പേരുകളാണ് ഡി.സി.സി. ഇന്ന് പ്രഖ്യാപിക്കുക. വിജയസാധ്യത ഉറപ്പാക്കി, വിമത ശല്യം ഒഴിവാക്കാൻ പ്രതിപക്ഷ നേതാവിൻ്റെയും ജില്ലാ നേതാക്കളുടെയും നേതൃത്വത്തിലാണ് ചർച്ചകൾ നടക്കുന്നത്.
മേയർ സ്ഥാനത്തേക്ക് ആരെയും മുൻകൂട്ടി ഉയർത്തിക്കാട്ടേണ്ടതില്ലെന്ന് കൊച്ചിയിലെ കോൺഗ്രസ് നേതൃത്വത്തിൽ ധാരണയായി. കെ.പി.സി.സി. ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് ഉൾപ്പെടെയുള്ള പ്രമുഖ വനിതാ നേതാക്കൾ മത്സരിക്കുന്നുണ്ട്. ഭൂരിപക്ഷം ലഭിച്ച ശേഷം പാർലമെൻ്ററി പാർട്ടി യോഗം മേയറെ തീരുമാനിക്കും.
മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുള്ള ഒന്നിലധികം വനിതാ നേതാക്കൾ മത്സരരംഗത്തുള്ളതിനാൽ തർക്കങ്ങൾ ഒഴിവാക്കാനാണ് ഈ പൊതുധാരണ. നിലവിൽ 35 സീറ്റുകളിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ധാരണയായിട്ടുണ്ട്. കെ.പി.സി.സി. ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, മഹിളാ കോൺഗ്രസ് നേതാവ് മിനിമോൾ എന്നിവരുടെ പേരുകൾക്കാണ് മേയർ സ്ഥാനാർത്ഥികളായി കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.
കൊച്ചി കോർപ്പറേഷനിൽ കന്നി മത്സരത്തിനിറങ്ങുന്ന ട്വന്റി 20 ഉയർത്തുന്ന വെല്ലുവിളികളെ സ്ഥാനാർത്ഥി മികവിലൂടെ മറികടക്കാനാണ് യു.ഡി.എഫ്. ശ്രമം. അതേസമയം, സി.പി.എം. തങ്ങളുടെ സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ നടത്തും.