തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയിൽ സ്ഥാനാർഥി നിർണയത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായതിന് പിന്നാലെ നേമം ഏരിയ പ്രസിഡന്റ് രാജിവെച്ചു. നേമം വാർഡിൽ പുറത്തുനിന്നുള്ള സ്ഥാനാർഥിയെ പരിഗണിക്കുന്നതിലുള്ള പ്രതിഷേധമായാണ് ഏരിയ പ്രസിഡന്റ് ജയകുമാറിന്റെ രാജി.(Local body elections, BJP explodes again, Area President resigns)
കഴിഞ്ഞ തവണ പൊന്നുമംഗലം വാർഡിൽ നിന്ന് വിജയിച്ച എം.ആർ. ഗോപനെ ഇത്തവണ നേമം വാർഡിൽ പരിഗണിച്ചേക്കുമെന്ന സൂചനകളാണ് രാജിയിലേക്ക് നയിച്ചത്. നഗരസഭാ തിരഞ്ഞെടുപ്പിൽ നേമം വാർഡിലുള്ള ഒരാൾ തന്നെ മത്സരിക്കണമെന്ന പ്രവർത്തകരുടെ ആവശ്യം അറിയിച്ചിട്ടും യാതൊരുവിധ അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ജയകുമാർ ബിജെപി നേമം മണ്ഡലം പ്രസിഡന്റ് രാജേഷിനും തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനും അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു.
നേമം വാർഡിലെ ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും കാണിച്ച ചതി ഒരിക്കലും ഉൾക്കൊള്ളാൻ കഴിയുന്നതല്ലെന്ന് ജയകുമാർ കത്തിൽ പറയുന്നു. "തന്റെ സ്വാർത്ഥതയ്ക്കുവേണ്ടി എത്ര മുതിർന്ന നേതാവിനെയും ഒറ്റികൊടുക്കാനും തോൽപ്പിക്കാനും മനസ്സുള്ള ഒരാളെ നേമം വാർഡിൽ വീണ്ടും സ്ഥാനാർത്ഥിയാക്കി അയാളുടെ മുന്നിൽ മുട്ടുമടക്കിയ പ്രസ്ഥാനത്തിൽ ഇനി പ്രവർത്തിക്കുകയാണെങ്കിൽ ആദർശം ബലികഴിക്കുന്നതിന് തുല്യമാണ്. അതുകൊണ്ട് ബിജെപി നേമം ഏരിയ പ്രസിഡന്റ് എന്ന പദവി രാജിവെക്കുന്നു."
ബിജെപിയുടെ പ്രധാന കോട്ടകളിലൊന്നായ നേമത്ത് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുണ്ടായ ഈ രാജി പാർട്ടിക്ക് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.