കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയിൽ കെ.പി.സി.സി. നേതൃത്വം സ്വീകരിച്ച നിലപാടിനെതിരെ രൂക്ഷവിമർശനവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യുഡിഎഫ് വേട്ടക്കാർക്കൊപ്പമാണ് നിൽക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(LDF will achieve historic victory, says MV Govindan)
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി രാഷ്ട്രീയ പ്രേരിതവും ആസൂത്രിതവുമാണ് എന്ന കെ.പി.സി.സി. നേതാവ് സണ്ണി ജോസഫിൻ്റെ പ്രതികരണത്തിലാണ് ഗോവിന്ദൻ രോഷം പ്രകടിപ്പിച്ചത്. "രാഹുൽ മാങ്കൂട്ടത്തിലിനെ കെ.പി.സി.സി. പ്രസിഡൻ്റ് ന്യായീകരിക്കുകയാണ്," അദ്ദേഹം ആരോപിച്ചു.
നടിക്ക് നേരെയുണ്ടായ ആക്രമണക്കേസിലും യുഡിഎഫ് അതിജീവിതയ്ക്കൊപ്പമല്ല നിലകൊണ്ടതെന്ന് എം.വി. ഗോവിന്ദൻ വിമർശിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് എം.വി. ഗോവിന്ദൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കേരളത്തിൽ നിലവിൽ ഇടത് തരംഗമാണ് പ്രകടമാകുന്നത്. എൽഡിഎഫ് കഴിഞ്ഞ തവണത്തെക്കാൾ നില മെച്ചപ്പെടുത്തും. ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിക്കെതിരായി യാതൊന്നും പറയാൻ യുഡിഎഫിനും ബിജെപിക്കും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
യുഡിഎഫിൻ്റെ രാഷ്ട്രീയ സഖ്യങ്ങളെയും എം.വി. ഗോവിന്ദൻ വിമർശിച്ചു. "തിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ യുഡിഎഫിനാണ്." യുഡിഎഫ്, ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിയും ചേർന്ന് വർഗീയ കൂട്ടുകെട്ടുണ്ടാക്കി എന്നും അദ്ദേഹം ആരോപിച്ചു.