

കാസർഗോഡ്: റീ കൗണ്ടിംഗ് നടത്തിയിട്ടും കാസർഗോഡ് ജില്ലാ പഞ്ചായത്ത് ഭരണം എൽ.ഡി.എഫ്. നിലനിർത്തി. തർക്കം നിലനിന്നിരുന്ന ബേക്കൽ ഡിവിഷനിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിക്ക് തന്നെയാണ് വിജയം. ഇതോടെ, ജില്ലാ പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് ലഭിക്കുമെന്ന കാര്യം സംശയമില്ലാതെ ഉറപ്പായി.(LDF retains Bekal division in recounting of votes in Local body elections)
പള്ളിക്കര പഞ്ചായത്തിലെ വോട്ടുകൾ സംബന്ധിച്ച തർക്കത്തെത്തുടർന്ന് യു.ഡി.എഫ്. സ്ഥാനാർത്ഥി നൽകിയ പരാതി പരിഗണിച്ചാണ് ബേക്കൽ ഡിവിഷനിൽ റീ കൗണ്ടിംഗ് നടത്തിയത്. എന്നാൽ, റീ കൗണ്ടിംഗിലും വോട്ട് നിലയിൽ കാര്യമായ മാറ്റമുണ്ടായില്ല. വെറും രണ്ട് വോട്ടുകളുടെ നേരിയ വ്യത്യാസം മാത്രമാണ് റീ കൗണ്ടിംഗിൽ കണ്ടെത്തിയത്.
ബേക്കൽ ഡിവിഷനിൽ യു.ഡി.എഫ്. വിജയിച്ചിരുന്നെങ്കിൽ ജില്ലാ പഞ്ചായത്ത് ഭരണം തന്നെ മാറിയേനെ. ഈ നിർണായക സാഹചര്യം കണക്കിലെടുത്താണ് യു.ഡി.എഫ്. റീ കൗണ്ടിംഗ് ആവശ്യമുയർത്തിയത്. എങ്കിലും, അവസാന ഫലപ്രഖ്യാപനം എൽ.ഡി.എഫിന് അനുകൂലമായതോടെ കാസർഗോഡ് ജില്ലാ പഞ്ചായത്തിൽ ഇടതുമുന്നണിക്ക് അധികാരം ഉറപ്പിക്കാനായി.