വിജയഭേരി : ആന്തൂരിൽ 5 വാർഡുകളിലും കണ്ണപുരത്ത് 6 വാർഡുകളിലും LDFന് എതിരില്ല | LDF

ആകെ 14 വാർഡുകളിലാണ് എൽ.ഡി.എഫ്. എതിരില്ലാതെ ജയം സ്വന്തമാക്കിയത്
LDF has no opposition in 5 wards in Anthoor and 6 wards in Kannapuram

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് (എൽ.ഡി.എഫ്.) ഉജ്വലമായ 'തുടക്ക വിജയം'. ആന്തൂർ നഗരസഭയിലും കണ്ണപുരം പഞ്ചായത്തിലുമായി നിരവധി വാർഡുകളിൽ എൽ.ഡി.എഫ്. സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചു.(LDF has no opposition in 5 wards in Anthoor and 6 wards in Kannapuram)

ജില്ലയിൽ ഇതുവരെ ആകെ 14 വാർഡുകളിലാണ് എൽ.ഡി.എഫ്. എതിരില്ലാതെ ജയം സ്വന്തമാക്കിയത്. ആന്തൂർ നഗരസഭയിൽ ഇന്ന് മൂന്നിടത്ത് കൂടി എതിരില്ലാത്ത വിജയം എൽ.ഡി.എഫ്. ഉറപ്പിച്ചു. ഇതോടെ ഇവിടെ ആകെ എതിരില്ലാത്ത വാർഡുകളുടെ എണ്ണം അഞ്ചായി.

തളിയിൽ, കോടല്ലൂർ വാർഡുകളിലെ യു.ഡി.എഫ്. സ്ഥാനാർഥികളുടെ പത്രിക തള്ളിയതോടെ ഈ രണ്ട് വാർഡുകളിലും എൽ.ഡി.എഫ്. സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചു. കോടല്ലൂർ വാർഡ് എൽ.ഡി.എഫ്. സ്ഥാനാർഥി ഇ. രജിത, തളിയിൽ വാർഡ് എൽ.ഡി.എഫ്. സ്ഥാനാർഥി കെ.വി. പ്രേമരാജൻ എന്നിവരാണിത്.

മറ്റൊരു വാർഡായ അഞ്ചാംപീടികയിൽ യു.ഡി.എഫ്. സ്ഥാനാർഥി ലിവ്യ പത്രിക പിൻവലിച്ചതോടെ ഇവിടെയും എൽ.ഡി.എഫിന് വിജയം ഉറപ്പായി. നേരത്തെ തന്നെ മൊറാഴ, പൊടിക്കുണ്ട് വാർഡുകളിൽ സി.പി.എമ്മിന് എതിരില്ലായിരുന്നു. കണ്ണപുരം പഞ്ചായത്തിലെ ഒന്ന്, എട്ട് വാർഡുകളിലെ യു.ഡി.എഫ്., ബി.ജെ.പി. പത്രികകൾ പുനഃസൂക്ഷ്മപരിശോധനയിൽ തള്ളിയതോടെ ഇവിടെ എൽ.ഡി.എഫിന് എതിരില്ലാത്ത വാർഡുകളുടെ എണ്ണം ആറായി ഉയർന്നു.

മലപ്പട്ടം പഞ്ചായത്തിൽ 3 വാർഡുകളിലും എൽ.ഡി.എഫ്. എതിരില്ലാതെ വിജയിച്ചു. കണ്ണൂരിൽ എൽ.ഡി.എഫിന് എതിരില്ലാത്ത വാർഡുകൾ ആകെ 14 എണ്ണം ആണ്. കണ്ണപുരം പഞ്ചായത്ത് – 6, ആന്തൂർ നഗരസഭ – 5, മലപ്പട്ടം – 3 എന്നിങ്ങനെയാണിത്.

Related Stories

No stories found.
Times Kerala
timeskerala.com