തിരുവനന്തപുരം: കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ താൻ എക്സൈറ്റഡ് ആണെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥൻ പ്രതികരിച്ചു. തൻ്റെ ആഗ്രഹം ജില്ലയുടെ മുന്നേറ്റമാണെന്നും, നിലവിലെ സ്ഥാനാർത്ഥിത്വം ഉൾപ്പെടെ എല്ലാം പാർട്ടി നൽകിയതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(KS Sabarinathan on the Thiruvananthapuram Corporation elections)
താൻ ഒരു പാർട്ടിക്കാരനാണ് എന്നും, അതിനാൽ ഏത് ചുമതലയും ഏറ്റെടുക്കാൻ തയ്യാറാണ് എന്നും പറഞ്ഞ അദ്ദേഹം, തിരുവനന്തപുരം കോർപ്പറേഷനിൽ ഒന്നാമത് എത്തുകയാണ് കോൺഗ്രസിൻ്റെ പ്രധാന ലക്ഷ്യം എന്നും വ്യക്തമാക്കി.
സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതോടെ കോൺഗ്രസിനെ പിന്തുണയ്ക്കുന്ന സ്ലീപ്പർ സെല്ലുകൾ ആക്ടീവായി കഴിഞ്ഞു എന്നും ശബരീനാഥൻ കൂട്ടിച്ചേർത്തു. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിക്കാൻ ലക്ഷ്യമിട്ട് കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥികളെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മുൻ എം.എൽ.എ. കെ.എസ്. ശബരീനാഥൻ അടക്കം 48 പേരുടെ പട്ടികയാണ് കോൺഗ്രസ് പുറത്തിറക്കിയത്.
ജോൺസൺ ജോസഫ് (ഉള്ളൂർ): 30 വർഷമായി കൗൺസിലറായി പ്രവർത്തിക്കുന്ന വ്യക്തി, സുരേഷ് മുട്ടട: കെ.എസ്.യു. വൈസ് പ്രസിഡൻ്റ്, ത്രേസ്യാമ്മ തോമസ് (നാലാഞ്ചിറ): മുൻ കൗൺസിലറും അധ്യാപികയും, എം.എസ്. അനിൽകുമാർ (കഴക്കൂട്ടം): ഡി.സി.സി. സെക്രട്ടറി എന്നിങ്ങനെയാണ് സ്ഥാനാർത്ഥികൾ. വാർഡ് തലത്തിൽ തീരുമാനമെടുത്ത സ്ഥാനാർത്ഥികളെയാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്.