തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയ കെ.എസ്. ശബരീനാഥൻ തദ്ദേശ തെരഞ്ഞെടുപ്പ് ഗോദയിലെ സർപ്രൈസ് എൻട്രിയായി മാറുകയാണ്. സ്വന്തം വാർഡിലെ സ്ഥാനാർത്ഥിക്ക് മാത്രമല്ല, യു.ഡി.എഫ്. സ്ഥാനാർത്ഥികളുടെ പെട്ടിയിലും വോട്ടെത്തിക്കാൻ വീടുകൾ തോറും കയറി ഇറങ്ങി ഗൃഹസമ്പർക്ക പരിപാടികളുമായി അദ്ദേഹം സജീവമാണ്.(KS Sabarinathan active in local government, Visiting homes to seek votes)
ശാസ്തമംഗലം കവലയിലെ ചന്ദ്രേട്ടന്റെ ചായക്കടയിൽ നിന്നാണ് ശബരീനാഥന്റെ ഇന്നത്തെ പ്രഭാത പരിപാടികൾ ആരംഭിച്ചത്. രാവിലെ ഏഴ് മണിക്ക് പ്രഭാത സവാരിക്കിറങ്ങുന്നവരുടെ പതിവ് വിശ്രമകേന്ദ്രമായ ചായക്കടയിലേക്ക് വാർഡിലെ സ്ഥാനാർത്ഥി സരളാ റാണിക്കൊപ്പം ശബരീനാഥൻ കടന്നുചെന്നു.
സൗഹൃദം പുതുക്കിയും വോട്ട് ചോദിച്ചും മുന്നോട്ട് പോയ അദ്ദേഹം പിന്നീട് സമീപത്തെ വീടുകളിലേക്ക് ഗൃഹസമ്പർക്കത്തിനായി തിരിച്ചു. ബി.ജെ.പി.യും സി.പി.എമ്മും തമ്മിലുള്ള ശക്തമായ പോരിനിടയിൽ തലസ്ഥാനത്ത് കോൺഗ്രസിന് കാര്യമായ റോളില്ല എന്ന വിമർശനത്തിന് മാറ്റം വരുത്താനുള്ള ആലോചനയിൽ ഉദിച്ച തന്ത്രമാണ് ശബരീനാഥനെ രംഗത്തിറക്കിയത്.
"എം.എൽ.എ. ആയിരിക്കുമ്പോഴും അല്ലാത്തപ്പോഴുമൊക്കെ എനിക്ക് ജനങ്ങളുമായി ബന്ധമുണ്ട്. ശാസ്തമംഗലത്തും കവടിയാറും അരുവിക്കരയിലുമൊക്കെയുണ്ട്. പാർട്ടി ഇങ്ങനെയൊരു നിർദേശം വെച്ചപ്പോൾ ഊർജ്ജമായത് ആ ബന്ധങ്ങളാണ്. പാർട്ടിയുടെ നയങ്ങൾ നടപ്പാക്കാനുള്ള വെഹിക്കിൾ മാത്രമാണ് ഞാൻ," അദ്ദേഹം രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ച് പറയുന്നു.
സമയം ഒൻപത് കഴിഞ്ഞതോടെ സുരേഷ് കുമാറിന്റെ വീട്ടിലെ ഗൃഹസമ്പർക്കത്തോടെ പ്രഭാത പരിപാടികൾക്ക് താൽക്കാലിക സമാപനമായി. തുടർന്ന് പാർട്ടി യോഗങ്ങളിൽ പങ്കെടുക്കുന്നതിനായി അദ്ദേഹം കാറിലേക്ക് മടങ്ങി. കോൺഗ്രസ് മുൻ എം.എൽ.എ.യുടെ ഈ ശക്തമായ രംഗപ്രവേശം തദ്ദേശ തെരഞ്ഞെടുപ്പിൽ തലസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.