

തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് ചൂട് പകർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാനാണ് പ്രഖ്യാപനം നടത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സെമിഫൈനലായി കണക്കാക്കി മുന്നണികൾ ഈ പോരാട്ടത്തെ ഏറ്റെടുത്തിരിക്കുകയാണ്. പ്രഖ്യാപനം വന്നതോടെ ഇന്ന് മുതൽ കേരളത്തിൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.(Kerala heading towards local government war, Elections to be held first in southern districts)
തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. പോളിങ് സമയം രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെയാണ്. ഒന്നാം ഘട്ടത്തിൽ (ഡിസംബർ 9) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിൽ വോട്ടെടുപ്പ് നടക്കും.
രണ്ടാം ഘട്ടത്തിൽ (ഡിസംബർ 11) തൃശൂർ, വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ വോട്ടെടുപ്പ് നടക്കും
കാലാവധി പൂർത്തിയാകാത്ത മട്ടന്നൂർ ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. വാർഡ് വിഭജനത്തിനുശേഷം 23,612 വാർഡുകൾ ഉണ്ടായിരുന്നതിൽ, മട്ടന്നൂരിലെ 36 വാർഡുകൾ ഒഴിവാക്കി 23,576 വാർഡുകളിലേക്കാണ് ഇത്തവണ വോട്ടെടുപ്പ് നടക്കുക. നിലവിൽ തിരഞ്ഞെടുപ്പ് നടക്കുന്നില്ലെങ്കിൽ പോലും, മട്ടന്നൂർ മുനിസിപ്പാലിറ്റിയിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമായിരിക്കും.
തിരഞ്ഞെടുപ്പ് കമ്മീഷൻ സാങ്കേതിക ഒരുക്കങ്ങൾ പൂർത്തിയാക്കി. സുഗമമായ വോട്ടെടുപ്പിനായി വൻ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ആകെ 33,746 പോളിങ് സ്റ്റേഷനുകൾ ഉണ്ടാകും. 1,37,922 ബാലറ്റ് യൂണിറ്റുകളും 50,691 കൺട്രോൾ യൂണിറ്റുകളും സജ്ജമാക്കി. 1,249 റിട്ടേണിങ് ഓഫീസർമാർ ഉൾപ്പെടെ 1.80 ലക്ഷം ഉദ്യോഗസ്ഥരെ വോട്ടെടുപ്പിനായി നിയോഗിക്കും.
സുരക്ഷക്കായി 70,000 പോലീസുകാരെയും നിയോഗിക്കും. ആകെ 2.50 ലക്ഷം ഉദ്യോഗസ്ഥരാണ് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളാകുന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 14-ന് പുറത്തിറക്കും. നാമനിർദേശം നൽകാനുള്ള അവസാന തീയതി നവംബർ 21 ആണ്. സൂക്ഷ്മപരിശോധന നവംബർ 22-നും നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24-നുമാണ്. വോട്ടെണ്ണൽ ഡിസംബർ 13-ന് നടക്കും.
ആകെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മട്ടന്നൂരിലെ 36 വാർഡുകൾ ഒഴിവാക്കി 23,576 വാർഡുകളിലേക്കാണ് ഇത്തവണ വോട്ടെടുപ്പ് നടക്കുക. ആകെ 33,746 പോളിങ് സ്റ്റേഷനുകൾ ഉണ്ടാകും. സുഗമമായ തിരഞ്ഞെടുപ്പിനായി 1.80 ലക്ഷം ഉദ്യോഗസ്ഥരെയും സുരക്ഷയ്ക്കായി 70,000 പോലീസുകാരെയും നിയോഗിക്കും. മൊത്തം 2.50 ലക്ഷം ഉദ്യോഗസ്ഥരാണ് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളാകുന്നത്. 1,37,922 ബാലറ്റ് യൂണിറ്റുകളും 50,691 കൺട്രോൾ യൂണിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്.