കോഴിക്കോട്: കോർപ്പറേഷൻ ഭരണം എൽഡിഎഫിൽ നിന്ന് പിടിച്ചെടുക്കാൻ യുഡിഎഫ് വാശിയേറിയ പോരാട്ടം നടത്തുന്ന കാഴ്ചയാണ് വോട്ടെണ്ണലിൽ കാണുന്നത്. ലീഡ് നില മാറിമറിയുന്നതിനിടെ കോർപ്പറേഷനിൽ ആരായിരിക്കും വിജയിക്കുകയെന്ന ആകാംക്ഷ ശക്തമാവുകയാണ്. എൽഡിഎഫിന്റെ ഉറച്ച കോട്ട തകർത്തുകൊണ്ടാണ് കോഴിക്കോട് യുഡിഎഫ് പടയോട്ടം നടത്തുന്നത്.(Infighting in Kozhikode Corporation for lead)
വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതൽ എൽഡിഎഫും യുഡിഎഫും തമ്മിൽ കനത്ത പോരാട്ടമാണ് നടന്നത്. എൽഡിഎഫ് നിലവിൽ 28 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. യുഡിഎഫ് നിലവിൽ 28 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥി മുന്നിട്ട് നിൽക്കുന്നു.
കോഴിക്കോട് കോർപ്പറേഷനിലെ എൽഡിഎഫിന്റെ മേയർ സ്ഥാനാർത്ഥിയായി കണക്കാക്കിയിരുന്ന സി.പി. മുസാഫർ അഹമ്മദ് തോറ്റു. മീഞ്ചന്ത വാർഡിൽ നിന്നാണ് അദ്ദേഹത്തിന് പരാജയം നേരിട്ടത്. തിരുവനന്തപുരം കോർപ്പറേഷനിലെ തിരിച്ചടിക്ക് പിന്നാലെ കോഴിക്കോട് കോർപ്പറേഷനിലും എൽഡിഎഫിന് കനത്ത ആഘാതമാണ് നേരിടുന്നത്. നിലവിൽ കോട്ടൂളി, മെഡിക്കൽ കോളേജ് സൗത്ത്, ചേവായൂർ, കോവൂർ, നെല്ലിക്കോട്, കുടിൽത്തോട് തുടങ്ങിയ വാർഡുകളിലെ വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്.