എറണാകുളം: തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭയ്ക്ക് പിന്നാലെ തൃപ്പൂണിത്തുറ നഗരസഭയിലും ഭരണം പിടിച്ച് എൻഡിഎ. എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ മാറിമാറി ഭരിച്ചുവന്ന തൃപ്പൂണിത്തുറയിൽ ചരിത്രത്തിൽ ആദ്യമായിട്ടാണ് എൻഡിഎ അധികാരത്തിലെത്തുന്നത്.(For the first time in history, NDA wins the in Tripunithura)
ഒരു സീറ്റിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് എൻഡിഎയുടെ ഈ ചരിത്രവിജയം. 21 സീറ്റുകളാണ് എൻഡിഎ നേടിയപ്പോൾ, എൽഡിഎഫ് 20 സീറ്റുകൾ നേടി. യുഡിഎഫ് 16 സീറ്റുകളിലൊതുങ്ങി. എൽഡിഎഫിൽ നിന്നാണ് എൻഡിഎ തൃപ്പൂണിത്തുറ ഭരണം അട്ടിമറി വിജയത്തിലൂടെ പിടിച്ചെടുത്തത്. 'എ' ക്ലാസ് നഗരസഭയായി കണക്കാക്കി ബിജെപി വലിയ പ്രചാരണമാണ് തൃപ്പൂണിത്തുറയിൽ നടത്തിയത്. എൽഡിഎഫും എൻഡിഎയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇവിടെ നടന്നത്.
പാലക്കാട് നഗരസഭയിൽ ബിജെപിക്ക് ഭരണം നിലനിർത്താൻ സാധിച്ചു. 25 സീറ്റുകളോടെ ബിജെപി ഇവിടെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. പാലക്കാട് നഗരസഭയിൽ യുഡിഎഫ് 18 സീറ്റുകളിലും എൽഡിഎഫ് ഒമ്പത് സീറ്റുകളിലുമാണ് മുന്നേറുന്നത്. ഈ ഇരട്ട വിജയങ്ങൾ സംസ്ഥാനത്ത് ബിജെപിക്ക് ലഭിച്ച വലിയ മുന്നേറ്റത്തെയാണ് സൂചിപ്പിക്കുന്നത്.