തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യഘട്ട തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ 70.91 ശതമാനം പോളിംഗ് മാത്രമാണ് രേഖപ്പെടുത്തിയത്. അന്തിമ കണക്കുകൾ പുറത്തുവന്നപ്പോൾ 2020-ലെ തദ്ദേശ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിംഗിൽ ഏകദേശം 3 ശതമാനത്തിന്റെ കുറവുണ്ടായി. വൻ പ്രചാരണ പരിപാടികൾ നടത്തിയിട്ടും പോളിംഗ് കുറഞ്ഞത് എന്തുകൊണ്ട് എന്നതിനെക്കുറിച്ചുള്ള ചർച്ചകളിലാണ് പ്രധാന മുന്നണികൾ. എന്നാൽ, നേതാക്കൾ പൊതുവേ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.(First phase of local body elections, 70.91% polling recorded)
ശബരിമല സ്വർണ്ണക്കൊള്ള, രാഹുൽ മാങ്കൂട്ടത്തിൽ വിവാദം, വികസന ചർച്ചകൾ, പ്രാദേശിക പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ സജീവമായി ചർച്ചയായ ഈ തെരഞ്ഞെടുപ്പിനെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള 'സെമിഫൈനൽ' ആയാണ് വിലയിരുത്തുന്നത്.
കേരളമാകെ ഇളക്കിമറിച്ച് മൂന്ന് മുന്നണികളും പ്രചാരണം നടത്തിയെങ്കിലും ആ ആവേശം വോട്ടായില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അന്തിമ കണക്കുകൾ സൂചിപ്പിക്കുന്നത്. 2020-ൽ 7 ജില്ലകളിൽ 73.85 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ അത് 70.91 മാത്രമാണ്.
ജില്ലകൾ തിരിച്ചുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ എറണാകുളത്താണ് കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് (74.57%). ഏറ്റവും കുറവ് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലാണ് (66.78%). മറ്റ് ജില്ലകളിലെ പോളിംഗ് ശതമാനം ഇപ്രകാരമാണ്: ആലപ്പുഴ (73.80%), ഇടുക്കി (71.78%), കോട്ടയം (70.86%), കൊല്ലം (70.35%), തിരുവനന്തപുരം (67.47%). ശ്രദ്ധേയമായി, ഈ 7 ജില്ലകളിലും കഴിഞ്ഞ തവണത്തേക്കാൾ പോളിംഗ് കുറവാണ് രേഖപ്പെടുത്തിയത്.
കനത്ത ത്രികോണപ്പോര് നടന്ന തിരുവനന്തപുരം കോർപ്പറേഷനിൽ പോളിംഗ് 60 ശതമാനം പോലും കടന്നില്ല (58.29%). എറണാകുളത്ത് 62.44 ശതമാനവും കൊല്ലത്ത് 63.35 ശതമാനവുമാണ് രേഖപ്പെടുത്തിയത്. ഈ ശതമാനക്കുറവിൽ തലപുകച്ച് കൂടുതൽ വോട്ടർമാർ എത്താതിരുന്നതിൻ്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് മുന്നണി നേതൃത്വങ്ങൾ.