വയനാട്: തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് നിഷേധത്തെ തുടർന്ന് വയനാട് കോൺഗ്രസിൽ പൊട്ടിത്തെറി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയൽ വിമത സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചു. ജില്ലാ പഞ്ചായത്തിലേക്ക് തോമാട്ട്ചാൽ ഡിവിഷനിൽ നിന്നാണ് ജഷീർ മത്സരിക്കുന്നത്.(Explosion in Wayanad Congress, Youth Congress state secretary is a rebel candidate)
തോമാട്ട്ചാൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് ജഷീർ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്. മീനങ്ങാടി ഡിവിഷനിൽ പരിഗണിച്ചിരുന്നുവെങ്കിലും അദ്ദേഹം വഴങ്ങിയില്ല. കേണിച്ചിറയിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് അമൽ ജോയ് ആണ് സ്ഥാനാർത്ഥി.
കഴിഞ്ഞ ദിവസം സീറ്റ് നിഷേധത്തിൽ ജഷീർ പള്ളിവയൽ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചത്."പാർട്ടിയുടെ അടിത്തട്ടിൽ ഇറങ്ങി പണിയെടുക്കരുതെന്നും, പണിയെടുത്താൽ മുന്നണിയിൽ ഉള്ളവരും കൂടെയുള്ളവരും ശത്രുക്കൾ ആവുമെന്നും" ജഷീർ പള്ളിവയൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
ജഷീറുമായി കഴിഞ്ഞ ദിവസവും ഡി.സി.സി. നേതൃത്വം ചർച്ച നടത്തിയിരുന്നു. എന്നാൽ വിവിധ തർക്കങ്ങളെ തുടർന്ന് നീണ്ടുപോയ കോൺഗ്രസ് ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയായിരുന്നു. കെ.എസ്.യു. ജില്ലാ പ്രസിഡൻ്റ് ഗൗതം ആണ് മീനങ്ങാടി ഡിവിഷനിലെ സ്ഥാനാർത്ഥി.