പാലക്കാട് BJPയിൽ പൊട്ടിത്തെറി: സ്ഥാനാർത്ഥി നിർണ്ണയം ഏകപക്ഷീയമെന്ന് തുറന്നടിച്ച് പി സ്മിതേഷ് | BJP

പ്രമീള ശശിധരൻ ഉന്നയിച്ച അതൃപ്തിയെ അദ്ദേഹം പിന്തുണച്ചു
പാലക്കാട് BJPയിൽ പൊട്ടിത്തെറി: സ്ഥാനാർത്ഥി നിർണ്ണയം ഏകപക്ഷീയമെന്ന് തുറന്നടിച്ച് പി സ്മിതേഷ് | BJP
Published on

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പാലക്കാട് ബി.ജെ.പിയിൽ ഉടലെടുത്ത പൊട്ടിത്തെറിയിൽ നിലപാട് പരസ്യമാക്കി സ്ഥിരം സമിതി അധ്യക്ഷനും സ്ഥാനാർത്ഥിയുമായ പി. സ്മിതേഷ്. നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ ഉന്നയിച്ച അതൃപ്തിയെ പൂർണ്ണമായും പിന്തുണയ്ക്കുന്നതായി സ്മിതേഷ് പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി.(Explosion in Palakkad BJP, P Smithesh openly says candidate selection is arbitrary)

പാർട്ടിയിലെ ഒരു വിഭാഗത്തെ മാത്രം പരിഗണിച്ചാണ് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയത് എന്ന നിലപാട് തനിക്കുമുണ്ടെന്ന് സ്മിതേഷ് തുറന്നടിച്ചു. തനിക്ക് നൽകിയത് ജയസാധ്യത കുറവുള്ള സീറ്റാണെന്നും അദ്ദേഹം വെളിപ്പെടുത്തി. കൃഷ്ണകുമാർ വിരുദ്ധ പക്ഷത്തെ ഇ. കൃഷ്ണദാസ്, പി. സ്മിതേഷ് എന്നിവരെ മാത്രം ഉൾപ്പെടുത്തിയ പട്ടികക്കെതിരെ പ്രമീള ശശിധരൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബി.ജെ.പി. നേതൃത്വത്തിനെതിരെ സ്ഥാനാർത്ഥി കൂടിയായ സ്മിതേഷിൻ്റെ ഈ പരസ്യ പ്രതികരണം.

ബി.ജെ.പി. സ്ഥാനാർത്ഥി പട്ടികയിലെ അതൃപ്തി പ്രകടിപ്പിച്ച് ഇന്നലെയാണ് നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ പരസ്യമായി രംഗത്തെത്തിയത്. പട്ടിക ഏകപക്ഷീയമായി തയ്യാറാക്കിയെന്നും, സംഘടനാ പിടിക്കാൻ കൃഷ്ണകുമാർ പക്ഷം ഏകപക്ഷീയമായി പട്ടികയുണ്ടാക്കുകയായിരുന്നു എന്നും പ്രമീള ശശിധരൻ കുറ്റപ്പെടുത്തി.

സ്വന്തം വാർഡിലെ സ്ഥാനാർഥിയെ പോലും താൻ അറിഞ്ഞത് കഴിഞ്ഞ ദിവസമാണെന്നും ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വത്തോട് അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. സ്ഥാനാർഥി പ്രഖ്യാപന കൺവെൻഷനിൽ തന്നെ ക്ഷണിച്ചില്ല. തന്നെ ക്രൂശിച്ചു, ഒറ്റപ്പെടുത്തി.

ചെയർപേഴ്സൺ ആയിരുന്ന അവസാന കാലഘട്ടത്തിൽ ഒരു വിഭാഗം ഒറ്റപ്പെടുത്തി ക്രൂശിച്ചു. പല പരിപാടികളിലേക്കും ക്ഷണിക്കാറില്ല. കക്ഷിരാഷ്ട്രീയം നോക്കാതെ പോകാറുള്ളതിനാലാണ് രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ടതെന്നും പ്രമീള ശശിധരൻ കൂട്ടിച്ചേർത്തു.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് അവസാനിക്കും. നിർദിഷ്ട യോഗ്യതയുള്ള സ്ഥാനാർത്ഥികൾ നിശ്ചിത ഫാറങ്ങളും നിക്ഷേപ തുകയും സഹിതം അതത് വരണാധികാരിക്ക് സമർപ്പിക്കണം. നവംബർ 22-ന് നാമനിർദ്ദേശ പത്രികളുടെ സൂക്ഷ്മപരിശോധന നടക്കും.

സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24 ഉച്ചകഴിഞ്ഞ് 3 മണി വരെയാണ്. സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള സമയം അവസാനിച്ച ശേഷം, റിട്ടേണിംഗ് ഓഫീസർ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക മലയാളം അക്ഷരമാലാ ക്രമത്തിൽ തയ്യാറാക്കി പ്രസിദ്ധീകരിക്കും.

Related Stories

No stories found.
Times Kerala
timeskerala.com