തിരുവനന്തപുരം: മുട്ടട വാർഡിലെ യു.ഡി.എഫ്. സ്ഥാനാർഥി വൈഷ്ണ സുരേഷ് നാമനിർദേശ പത്രിക സമർപ്പിച്ചു. കളക്ടറേറ്റിൽ എത്തി ജില്ലാ സപ്ലൈ ഓഫീസർ സിന്ധു കെ. വി.ക്ക് മുന്നിലാണ് വൈഷ്ണ പത്രിക നൽകിയത്. വിവാദങ്ങൾ തൻ്റെ പ്രചാരണത്തിന് തടസ്സമായെന്ന് വൈഷ്ണ സുരേഷ് പ്രതികരിച്ചു.(Don't want to talk to people about controversies, Vaishna Suresh files nomination)
"പത്തു ദിവസമാണ് നഷ്ടമായത്. അതൊക്കെ മറികടക്കും. വാർഡിലെ ജനങ്ങളോട് വിവാദങ്ങളെക്കുറിച്ചല്ല പറയാനുള്ളത്," വൈഷ്ണ പറഞ്ഞു. വൈഷ്ണ സുരേഷിൻ്റെ പേര് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ സി.പി.ഐ.എം. ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ആരോപിച്ചു.
തിരുവനന്തപുരത്തെ രണ്ട് പ്രധാന സി.പി.ഐ.എം. നേതാക്കൾക്ക് ഗൂഢാലോചനയിൽ നേരിട്ട് പങ്കുണ്ട്. കോർപ്പറേഷനിലെ സി.പി.ഐ.എമ്മുകാരായ ചില ഉദ്യോഗസ്ഥരും ഈ ക്രിമിനൽ പ്രവർത്തിയിൽ പങ്കാളികളാണെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ സമഗ്രമായി പരിശോധിക്കണം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും അല്ലാത്തപക്ഷം യു.ഡി.എഫ്. നിയമനടപടി സ്വീകരിക്കുമെന്നും വി. ഡി. സതീശൻ അറിയിച്ചു.
വോട്ട് വെട്ടിയതിനു പിന്നിൽ മേയർ ആര്യാ രാജേന്ദ്രൻ ആണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ ആരോപിച്ചു. "നവംബർ 13-ന് രാത്രി മേയർ നഗരസഭയിൽ വന്നു എന്നും അവരുടെ സമ്മർദത്തിൻ്റെ ഫലമായി പേര് വെട്ടിച്ചു എന്നുമൊരു വാർത്ത നഗരസഭയിലുള്ള കോൺഗ്രസ് യൂണിയൻ്റെ ആളുകൾ തങ്ങളോട് സൂചിപ്പിച്ചിട്ടുണ്ടായിരുന്നു," അദ്ദേഹം വെളിപ്പെടുത്തി. ഇക്കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും കെ. മുരളീധരൻ വ്യക്തമാക്കി.