ഇടുക്കി: തമിഴ്നാട് ഭരണകക്ഷിയായ ഡിഎംകെ ഇടുക്കി ജില്ലയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചു. ജില്ലയിലെ തമിഴ് വോട്ടർമാർ കൂടുതലുള്ള താലൂക്കുകൾ കേന്ദ്രീകരിച്ചാണ് ഡിഎംകെയുടെ തിരഞ്ഞെടുപ്പ് നീക്കം.(DMK to contest panchayat elections alone in Idukki)
പീരുമേട്, ദേവികുളം എന്നീ താലൂക്കുകളിലെ പഞ്ചായത്തുകളിലാണ് ഡിഎംകെ സ്ഥാനാർത്ഥികളെ പ്രധാനമായും രംഗത്തിറക്കുക. അതിർത്തി താലൂക്കുകളായ പീരുമേട്, ഉടുമ്പൻചോല, ദേവികുളം എന്നിവിടങ്ങളിലെ തോട്ടം തൊഴിലാളികൾക്കിടയിൽ തങ്ങൾക്ക് ശക്തമായ സ്വാധീനമുണ്ടെന്നാണ് പാർട്ടിയുടെ വാദം.
പീരുമേട് താലൂക്കിലെ ഉപ്പുതറ പഞ്ചായത്തിൽ ആറ് വാർഡുകളിലും, ദേവികുളത്തെ ചിന്നക്കനാൽ പഞ്ചായത്തിൽ അഞ്ച് വാർഡുകളിലും ഡിഎംകെ സ്ഥാനാർത്ഥികളെ നിർത്തും. തമിഴ് വോട്ടർമാർ കൂടുതലുള്ള മറ്റ് പഞ്ചായത്ത് വാർഡുകളിലും ഡിഎംകെ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. പാർട്ടി തങ്ങളുടെ ഔദ്യോഗിക ചിഹ്നത്തിൽത്തന്നെയായിരിക്കും മത്സരരംഗത്തിറങ്ങുക.
നിലവിൽ ഇടുക്കിയിൽ 2000 പാർട്ടി അംഗങ്ങൾ ഡിഎംകെയ്ക്കുണ്ടെന്നാണ് കണക്ക്. പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി മൂന്നാറിലും ഉപ്പുതറയിലും പുതിയ ഓഫീസുകൾ തുറന്നിട്ടുണ്ട്. കൂടാതെ, തമിഴ്നാട് സർക്കാരിന്റെ വിവിധ ആനുകൂല്യങ്ങൾ തോട്ടം തൊഴിലാളികൾക്ക് ലഭ്യമാക്കാനുള്ള നീക്കങ്ങളും ഡിഎംകെ ആരംഭിച്ചു കഴിഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ എൽഡിഎഫ് സ്ഥാനാർത്ഥിയായ ജോയ്‌സ് ജോർജിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത്തവണ മറ്റു മുന്നണികളൊന്നും പിന്തുണ ആവശ്യപ്പെടാത്തതിനാലാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചത്.
2015ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പീരുമേട് പഞ്ചായത്തിലെ ഒന്നാം വാർഡിൽനിന്ന് എഐഎഡിഎംകെ അംഗമായ എസ്. പ്രവീണ വിജയിച്ചിരുന്നു. ഒരു വർഷത്തിലധികം പ്രവീണയ്ക്ക് യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും ലഭിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നാല് സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തുമെന്നും ഡിഎംകെ നേതാക്കൾ അറിയിച്ചു.