പാലക്കാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിൽ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ, 9 പഞ്ചായത്തുകളിലെ 19 വാർഡുകളിൽ സി.പി.ഐ. ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകൾ പോലും സി.പി.എം. നിഷേധിച്ചതാണ് മുന്നണിയിൽ പൊട്ടിത്തെറിയുണ്ടാകാൻ കാരണം.(Dispute in Palakkad LDF, Protest against CPM's stance)
സി.പി.എം. ജില്ലാ സെക്രട്ടറിയുമായി പരമാവധി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല എന്നാണ് വിവരം. മണ്ണൂർ പഞ്ചായത്തിൽ ഇത്തവണയും സി.പി.എം.-സി.പി.ഐ. നേർക്കുനേർ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ഇവിടെ അഞ്ച് സീറ്റുകളിൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ സി.പി.ഐ. തീരുമാനിച്ചു.
ചിറ്റൂർ മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകളിലായി 5 സീറ്റുകളിൽ സി.പി.ഐ. ഒറ്റയ്ക്ക് മത്സരിക്കും. പെരുവമ്പ് പഞ്ചായത്തിൽ 3 സീറ്റുകളിലും നല്ലേപ്പിള്ളി, വടകരപ്പതി പഞ്ചായത്തുകളിൽ ഓരോ സീറ്റുകളിലുമാണ് മത്സരം. മേലാർകോട് സി.പി.എം. സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കാൻ സി.പി.ഐ. നിയോഗിച്ചിരിക്കുന്നത് പാർട്ടി ലോക്കൽ സെക്രട്ടറി എസ്. ഷൗക്കത്തലിയെയാണ്. ചിറ്റൂർ തത്തമംഗലം നഗരസഭയിൽ 2 വാർഡുകളിലും ചിറ്റൂരിൽ രണ്ട് ബ്ലോക്ക് ഡിവിഷനുകളിലും സി.പി.ഐ. സ്ഥാനാർത്ഥികളെ രംഗത്തിറക്കി.
തൃത്താല മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിലും സി.പി.ഐ. സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്: ആനക്കര (2), നാഗലശേരി (2), തിരുമിറ്റക്കോട് (3), ചാലിശ്ശേരി (1). പാലക്കാട് ജില്ലയിലെ ഈ ശക്തമായ സി.പി.എം.-സി.പി.ഐ. പോരാട്ടം തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഗുണം ചെയ്യുമോ എന്ന കാര്യമാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.