കോഴിക്കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷനിലേക്ക് പ്രമുഖ സിനിമാ സംവിധായകൻ വി.എം. വിനു യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ കല്ലായി ഡിവിഷനിലെ (37-ാം വാർഡ്) സ്ഥാനാർത്ഥിയായാണ് വിനു ജനവിധി തേടുന്നത്.(Director VM Vinu is UDF candidate in the Kozhikode Corporation elections)
തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്. കല്ലായിയിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു പിന്നാലെ, വി.എം. വിനുവിനെ കോർപ്പറേഷനിലെ മേയർ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനാണ് കോൺഗ്രസ് നീക്കമെന്നാണ് സൂചന. കോഴിക്കോട് കോൺഗ്രസ് ഓഫീസിൽ നടന്ന സീറ്റ് ചർച്ചകൾക്കൊടുവിലാണ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായത്.
കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി.എം. നിയാസ് പാറോപ്പടി ഡിവിഷനിൽ മത്സരിക്കും. വ്യാഴാഴ്ച പ്രഖ്യാപിച്ച രണ്ടാംഘട്ട പട്ടികയിൽ 15 ഡിവിഷനുകളിലെ സ്ഥാനാർത്ഥികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആകെ 49 സീറ്റുകളിലാണ് കോഴിക്കോട് കോർപ്പറേഷനിൽ കോൺഗ്രസ് മത്സരിക്കുന്നത്. കഴിഞ്ഞ ദിവസം 22 സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.
പ്രശസ്ത എഴുത്തുകാരനും നാടകപ്രവർത്തകനുമായ വിനയന്റെ മകനായ വി.എം. വിനു സിനിമയിലേക്ക് വരുന്നതിന് മുൻപ് നാടകരംഗത്ത് സജീവമായിരുന്നു. മലയാള സിനിമയിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.