കോഴിക്കോട്: കോർപ്പറേഷൻ ഭരണം പിടിച്ചെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായി സർപ്രൈസ് മേയർ സ്ഥാനാർത്ഥിയെ അവതരിപ്പിക്കാൻ കോൺഗ്രസ് ഒരുങ്ങുന്നു. പ്രശസ്ത ചലച്ചിത്ര സംവിധായകൻ വി.എം. വിനുവിനെ മേയർ സ്ഥാനാർത്ഥിയാക്കി മത്സരം കടുപ്പിക്കാനാണ് കോൺഗ്രസിന്റെ നീക്കം.(Director VM Vinu is being considered as a surprise mayoral candidate of Congress in Kozhikode)
വി.എം. വിനുവിനോട് മത്സരിക്കുന്ന കാര്യത്തിൽ അനുവാദം ചോദിച്ചതായി കോൺഗ്രസ് നേതൃത്വം അറിയിച്ചു. എന്നാൽ, മത്സരത്തിന് ഇതുവരെ സമ്മതം അറിയിച്ചിട്ടില്ലെന്നാണ് വി.എം. വിനു പ്രതികരിച്ചത്. "മത്സരിക്കുന്നതിലെ ബുദ്ധിമുട്ടുകൾ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല," - വി.എം. വിനു പറഞ്ഞു.
പൊതുസമൂഹത്തിൽ സ്വീകാര്യനായ വ്യക്തി എന്ന നിലയിൽ നിഷ്പക്ഷ വോട്ടർമാരെക്കൂടി ലക്ഷ്യമിട്ടാണ് കോൺഗ്രസ് വി.എം. വിനുവിനെ മേയർ സ്ഥാനാർത്ഥിയായി അവതരിപ്പിക്കാൻ ആലോചിക്കുന്നത്. ദീർഘകാലമായി കോഴിക്കോട് സിവിൽ സ്റ്റേഷന് സമീപമാണ് അദ്ദേഹം താമസിക്കുന്നത്.
ഹിറ്റ് സിനിമകളുടെ സംവിധായകനായ വി.എം. വിനു ഭരണകാര്യങ്ങളിലടക്കം അഭിപ്രായങ്ങൾ തുറന്നുപറയുന്ന വ്യക്തി കൂടിയാണ്. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരിക്കും കോഴിക്കോട് കോർപ്പറേഷനിലേക്കുള്ള കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക. 49 സീറ്റിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. ഇതിൽ 23 സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. വി.എം. വിനുവിന്റെ കാര്യത്തിൽ ഉടൻ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.