ആലപ്പുഴ: കുട്ടനാട്ടിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം – സിപിഐ തർക്കത്തിൽ സമവായമാകാതെ വന്നതോടെ മുന്നണി ബന്ധം താളം തെറ്റി. രാമങ്കരി പഞ്ചായത്തിൽ ഒറ്റയ്ക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ രംഗത്തുവന്നത് എൽഡിഎഫിന് കനത്ത തിരിച്ചടിയായി.(CPM-CPI fight intensifies in Alappuzha, CPI will contest alone)
രാമങ്കരി പഞ്ചായത്തിൽ മത്സരം നടക്കുന്ന 14 സീറ്റുകളിൽ എട്ട് സീറ്റുകളിലേക്ക് സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മുന്നണിയിൽ അഞ്ച് സീറ്റുകളായിരുന്നു സിപിഐ ആവശ്യപ്പെട്ടത്. എന്നാൽ, സിപിഎം ഒരു സീറ്റ് മാത്രമേ നൽകൂ എന്ന് നിലപാടെടുത്തതോടെയാണ് ചർച്ചകൾ വഴിമുട്ടിയത്.
ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് മുന്നണി മര്യാദകൾ ലംഘിച്ച് സിപിഐ ഒറ്റയ്ക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. രാമങ്കരിക്ക് പുറമെ ആലപ്പുഴയിലെ കുമാരപുരം പഞ്ചായത്തിലും സിപിഐ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. രാത്രിയോളം നീണ്ട ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ഈ തീരുമാനം.
കുമാരപുരം പഞ്ചായത്തിലെ അഞ്ച് വാർഡുകളിലും ഒരു ബ്ലോക്ക് ഡിവിഷനിലും സിപിഎമ്മും സിപിഐയും തമ്മിൽ നേർക്കുനേർ മത്സരം നടക്കും. മുന്നണിയിലെ ഈ തർക്കം വോട്ടെടുപ്പിൽ എൽഡിഎഫിന്റെ വിജയസാധ്യതകളെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.