തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ തൃശ്ശൂർ എരുമപ്പെട്ടിയിൽ സി.പി.എം-കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ബൂത്ത് കെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘട്ടനത്തിൽ കലാശിച്ചത്.(CPM - Congress clash over booth construction, 2 injured)
എരുമപ്പെട്ടി പഞ്ചായത്ത് 18-ാം വാർഡ് എൽ.ഡി.എഫ്. സ്ഥാനാർത്ഥി സൗമ്യ യോഗേഷിൻ്റെ ഭർത്താവും സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുമായ കെ.കെ. യോഗേഷ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അജു നെല്ലുവായ് എന്നിവർക്കാണ് പരിക്കേറ്റത്. എരുമപ്പെട്ടി ഗവ. ഹയർസെക്കൻ്ററി സ്‌കൂളിന് സമീപം ഖാദി റോഡിലാണ് സംഘർഷമുണ്ടായത്.
സി.പി.എം. പ്രവർത്തകർ മേശയിട്ടതിന് സമീപം കോൺഗ്രസ് പ്രവർത്തകർ മേശ കൊണ്ടുവന്നിടാൻ ശ്രമിച്ചു. ഇത് സി.പി.എം. ബ്രാഞ്ച് സെക്രട്ടറി കെ.കെ. യോഗേഷ് ചോദ്യം ചെയ്തതോടെ വാക്കേറ്റം ആരംഭിച്ചു. തുടർന്ന് യോഗേഷ് ടേബിൾ ചവിട്ടി മറിക്കുകയും, ഈ ടേബിൾ ചെന്ന് തട്ടിയതിനെത്തുടർന്ന് യൂത്ത് കോൺഗ്രസ് നേതാവ് അജു നെല്ലുവായ്, യോഗേഷിനെ മർദിക്കുകയും ചെയ്തു. ഇതോടെ ഇരു വിഭാഗങ്ങളും തമ്മിൽ സംഘട്ടനം രൂക്ഷമാവുകയായിരുന്നു.
സംഘർഷത്തിന് ശേഷം എരുമപ്പെട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ ഇരു വിഭാഗം നേതാക്കൾ തമ്മിൽ വീണ്ടും വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഒടുവിൽ എരുമപ്പെട്ടി ഇൻസ്‌പെക്‌ടർ അനീഷ് കുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് ഇടപെട്ട് പ്രശ്നം പരിഹരിക്കുകയും ഇരു കൂട്ടരുടെയും പരാതികൾ സ്വീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു.