ജാതിപ്പേര് ചർച്ചയാക്കി എതിരാളികൾ: ട്രോളുകളിൽ നിറഞ്ഞ് CPM സ്ഥാനാർത്ഥി | CPM

ട്രോളുകളെ താൻ കാര്യമാക്കുന്നില്ലെന്നാണ് ശങ്കരൻകുട്ടി നായരുടെ പ്രതികരണം
ജാതിപ്പേര് ചർച്ചയാക്കി എതിരാളികൾ: ട്രോളുകളിൽ നിറഞ്ഞ് CPM സ്ഥാനാർത്ഥി | CPM
Published on

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വത്തിന് പിന്നാലെ യഥാർത്ഥ പേരിൽ പ്രചാരണം തുടങ്ങിയ സി.പി.എം. സ്ഥാനാർത്ഥി പുലിവാല് പിടിച്ച് ട്രോളുകളിൽ നിറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിലെ വഞ്ചിയൂർ വാർഡിൽ നിന്ന് മത്സരിക്കുന്ന ശങ്കരൻകുട്ടി നായർ ആണ് ട്രോളന്മാരുടെ ഇരയായത്. പേരിനൊപ്പം ജാതിപ്പേര് ചേർത്തതാണ് വിവാദത്തിന് കാരണം.(CPM candidate gets trolled over caste name)

സാധാരണയായി 'വഞ്ചിയൂർ ബാബു' എന്ന് അറിയപ്പെടുന്ന ഇദ്ദേഹം, നേരത്തെ തിരഞ്ഞെടുപ്പിൽ 'ബാബു' എന്ന പേരിലായിരുന്നു മത്സരിച്ചിരുന്നത്. എന്നാൽ ഇത്തവണ തൻ്റെ യഥാർത്ഥ പേരായ ശങ്കരൻകുട്ടി നായർ എന്ന പേര് പോസ്റ്ററുകളിൽ ഉപയോഗിച്ചതോടെയാണ് സാമൂഹിക മാധ്യമങ്ങളിലെ ട്രോൾ പേജുകളിൽ ഇദ്ദേഹം ചർച്ചാവിഷയമായത്.

സി.പി.എം. പാളയം ഏരിയ കമ്മിറ്റി സെക്രട്ടറി കൂടിയാണ് ശങ്കരൻകുട്ടി നായർ. വഞ്ചിയൂരിൽ നാട്ടുകാർക്ക് ഇദ്ദേഹം 'ബാബു അണ്ണൻ' എന്ന പേരിലാണ് സുപരിചിതൻ. 2015-ൽ വഞ്ചിയൂർ വാർഡിൽ നിന്ന് മത്സരിച്ച് കോർപ്പറേഷനിലേക്ക് ജയിച്ചപ്പോൾ ഇദ്ദേഹം 'പി. ബാബു' എന്ന പേരിലായിരുന്നു മത്സരിച്ചത്.

കഴിഞ്ഞ തവണ ഈ വാർഡിൽ ഇദ്ദേഹത്തിൻ്റെ മകൾ ഗായത്രി ബാബു സി.പി.എം. സ്ഥാനാർത്ഥിയായി വിജയിച്ചിരുന്നു. മകൾക്ക് പകരം അച്ഛൻ വീണ്ടും ഇറങ്ങിയപ്പോഴാണ് പേര് വലിയതോതിൽ ചർച്ചയായത്. തെരഞ്ഞെടുപ്പ് അടുത്താൽ 'വിപ്ലവം പടിക്ക് പുറത്ത്', 'ജയിച്ചു കയറാൻ ജാതിവാല് ശരണം' എന്ന തരത്തിലുള്ള ട്രോളുകളാണ് പ്രചരിക്കുന്നത്. നായർ വിഭാഗക്കാർ ഏറെയുള്ള വാർഡിൽ ജാതി പറഞ്ഞ് വോട്ട് നേടാനാണ് സ്ഥാനാർത്ഥി ശ്രമിക്കുന്നതെന്ന് എതിരാളികൾ വിമർശിക്കുന്നു.

ട്രോളുകളെ താൻ കാര്യമാക്കുന്നില്ലെന്നാണ് ശങ്കരൻകുട്ടി നായരുടെ പ്രതികരണം. കഴിഞ്ഞ തവണ മകൾ സ്ഥാനാർത്ഥിയായപ്പോഴും 'ഗായത്രി ബാബു' എന്നും 'ഗായത്രി നായർ' എന്നും രണ്ട് പേരുകളിൽ പോസ്റ്ററുകൾ അടിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com