കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ സി.പി.എമ്മിൽ വിമതനീക്കങ്ങൾക്ക് വഴിയൊരുക്കുന്നു. കണ്ണൂരിലും പത്തനംതിട്ടയിലും സി.പി.എം. ബ്രാഞ്ച് സെക്രട്ടറിമാർ പാർട്ടി തീരുമാനത്തിന് വിരുദ്ധമായി സ്വതന്ത്രരായി മത്സരരംഗത്തിറങ്ങി.(CPM branch secretaries rebel in the contest, Challenge to the official candidates)
പയ്യന്നൂർ നഗരസഭയിലെ 36-ാം ഡിവിഷനിൽ പയ്യന്നൂർ കാര ബ്രാഞ്ച് സെക്രട്ടറി സി. വൈശാഖ് ആണ് സ്വതന്ത്രനായി മത്സരിക്കുന്നത്. ഡിവിഷനിലെ എൽ.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർഥി കോൺഗ്രസ് (എസ്) നേതാവായ പി. ജയനാണ്. എന്നാൽ, വൈശാഖിന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്നാണ് സി.പി.എം. ഏരിയ സെക്രട്ടറി പ്രതികരിച്ചത്.
പത്തനംതിട്ട നഗരസഭയിലെ പതിനാലാം വാർഡിൽ സി.പി.എം. പത്തനംതിട്ട കുലശേഖരപതി ബ്രാഞ്ച് സെക്രട്ടറി എ. ഷഫീനയാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. പാർട്ടി സ്ഥാനങ്ങളിലിരിക്കുന്നവർ വിമതരായി രംഗപ്രവേശം ചെയ്തത് ഇരു ജില്ലകളിലെയും ഔദ്യോഗിക മുന്നണി സ്ഥാനാർത്ഥികൾക്ക് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.