കണ്ണൂർ: പിണറായി ഗ്രാമ പഞ്ചായത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥിയെ സിപിഎമ്മിന്റെ സമ്മർദ്ദത്തെ തുടർന്ന് മാറ്റേണ്ടി വന്നു. മുന്നണി ധാരണപ്രകാരം സിപിഐക്ക് അനുവദിച്ച വാർഡിലെ സ്ഥാനാർഥിയെയാണ് പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ എതിർപ്പിനെ തുടർന്ന് പിൻവലിച്ചത്.(CPI candidate changed due to CPM pressure in Pinarayi)
വാർഡ് 20, പിണറായി വെസ്റ്റിലാണ് സംഭവം, പാറപ്രം ലോക്കൽ കമ്മിറ്റി അംഗത്തെ സിപിഐ സ്ഥാനാർഥിയായി തീരുമാനിച്ചിരുന്നു. ഈ സ്ഥാനാർഥി സിപിഎം വിമർശകനാണെന്ന നിലപാട് പ്രാദേശിക സിപിഎം പ്രവർത്തകർ സ്വീകരിച്ചു. മുന്നണി സംവിധാനത്തിൽ സീറ്റ് വിഭജനം കഴിഞ്ഞാൽ സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള അവകാശം അതത് പാർട്ടികൾക്കാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ ആദ്യം കടുപ്പിച്ചു.
എന്നാൽ, ഈ സ്ഥാനാർഥിയെ അംഗീകരിച്ചില്ലെങ്കിൽ റിബൽ സ്ഥാനാർഥിയെ മത്സരിപ്പിക്കുമെന്ന സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ കടുത്ത വാശിക്കു മുന്നിൽ സിപിഐക്ക് ഒടുവിൽ കീഴടങ്ങേണ്ടി വന്നു. നേരത്തെ തീരുമാനിച്ച സ്ഥാനാർഥിക്ക് പകരം പാറപ്രം സിപിഐ ലോക്കൽ സെക്രട്ടറിയെ പുതിയ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. സിപിഎം ജില്ലാ നേതൃത്വത്തിന് ഉൾപ്പെടെ വിഷയത്തിൽ ഇടപെടേണ്ടി വന്നുവെന്നാണ് വിവരം.
വാർഡ് വിഭജനത്തോടെ രണ്ട് സീറ്റ് വർധിച്ച സാഹചര്യത്തിൽ സിപിഐ മൂന്ന് സീറ്റുകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സിപിഎം രണ്ട് സീറ്റ് മാത്രമാണ് സിപിഐക്ക് നൽകിയത്. ഈ പശ്ചാത്തലത്തിലാണ് സ്ഥാനാർഥി നിർണയത്തിലും തർക്കം ഉടലെടുത്തത്.