കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ച് കൊല്ലം കോർപ്പറേഷൻ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചയിൽ എൽ.ഡി.എഫ്. മുന്നണിയിൽ തർക്കം രൂക്ഷമാകുന്നു. മൂന്ന് സീറ്റുകൾ വേണമെന്ന ആവശ്യവുമായി കേരള കോൺഗ്രസ് (എം) രംഗത്തെത്തിയപ്പോൾ, ഒരു സീറ്റ് മാത്രം നൽകാമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സി.പി.എം.(Controversy in Kollam Corporation candidate discussion)
കഴിഞ്ഞ തവണ മത്സരിച്ച പോർട്ട് ഡിവിഷൻ വിട്ടുകൊടുക്കില്ലെന്ന് കേരള കോൺഗ്രസ് (എം) വ്യക്തമാക്കിയിട്ടുണ്ട്. ഈ സീറ്റ് സി.പി.ഐയുമായി വെച്ചുമാറാൻ കഴിയില്ലെന്നും അവർ പറയുന്നു. ജയസാധ്യതയില്ലാത്ത സീറ്റുകളിൽ മത്സരിക്കാനില്ല എന്ന കർശന നിലപാടിലാണ് കേരള കോൺഗ്രസ് (എം).
കഴിഞ്ഞ തവണ ഒരു സീറ്റ് കൊണ്ട് തൃപ്തിപ്പെട്ട രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോൾ നിലനിൽക്കുന്നത്. എൽ.ഡി.എഫിൽ കൂടുതൽ ശക്തി തെളിയിച്ച സാഹചര്യത്തിൽ കൂടുതൽ സീറ്റുകൾ വേണമെന്നാണ് അവരുടെ വാദം.
നിലവിൽ, ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ അഞ്ചിടത്തും (തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശ്ശൂർ, കൊല്ലം) ഇടതുമുന്നണിക്കാണ് ഭരണം. ഈ സാഹചര്യത്തിൽ കൊല്ലം കോർപ്പറേഷൻ നിലനിർത്താൻ എൽ.ഡി.എഫ്. കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.