പാലക്കാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് വലിയ തിരിച്ചടിയായി, വിമത നേതാവ് എ.വി. ഗോപിനാഥ് പെരിങ്ങോട്ടുകുറിശ്ശിയിൽ സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇടതുമുന്നണിയോട് ചേർന്ന് മത്സരിക്കാനാണ് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര വിഭാഗം ഒരുങ്ങുന്നത്.(Congress suffers blow in Palakkad, AV Gopinath joins hands with CPM)
പഞ്ചായത്തിൽ കഴിഞ്ഞ ആറ് പതിറ്റാണ്ടായി തുടരുന്ന കോൺഗ്രസ് ഭരണം അവസാനിപ്പിക്കുകയാണ് ഈ നീക്കത്തിലൂടെ ഗോപിനാഥ് ലക്ഷ്യമിടുന്നത്. കോൺഗ്രസ് അനുഭാവികളുടെ വോട്ടുകൾ ഇടതുപക്ഷത്തിന് ലഭിക്കുമെന്നാണ് ഗോപിനാഥിന്റെ കണക്കുകൂട്ടൽ. സിപിഎമ്മിനെ "ആത്മമിത്രം" എന്ന് വിശേഷിപ്പിച്ച ഗോപിനാഥ്, സിപിഎമ്മിലേക്കുള്ള ക്ഷണം ഇപ്പോഴുമുണ്ടെന്നും താൻ ഇതുവരെ അത് തള്ളിക്കളഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി.
ഐഡിഎഫ് (IDF - ഇൻഡിപെൻഡന്റ് രാഷ്ട്രീയ കക്ഷി) എന്ന സ്വതന്ത്ര രാഷ്ട്രീയ കക്ഷിയെ പ്രതിനിധീകരിച്ചാണ് ഗോപിനാഥ് പെരിങ്ങോട്ടുകുറിശിയിൽ മത്സരിക്കാൻ ഒരുങ്ങുന്നത്. ഈ നിർണായക നീക്കത്തിലൂടെ സിപിഎമ്മിന്റെ പിന്തുണയോടെ പഞ്ചായത്തിൽ അധികാരം പിടിക്കാനാകുമെന്നാണ് ഗോപിനാഥിന്റെ പ്രതീക്ഷ.