കട്ടപ്പനയിൽ കോൺഗ്രസിന് 4 വിമതർ: അനുനയ നീക്കം അമ്പേ പാളി | Congress
ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടുക്കി കട്ടപ്പന നഗരസഭയിൽ കോൺഗ്രസിന് വിമതഭീഷണി തുടരുന്നു. 10 ഡിവിഷനുകളിൽ മത്സരിക്കാൻ ഒരുങ്ങിയ വിമതരിൽ ആറുപേർ ചർച്ചകൾക്കൊടുവിൽ പത്രിക പിൻവലിച്ചെങ്കിലും, നാല് ഡിവിഷനുകളിൽ വിമതർ ഇപ്പോഴും മത്സരരംഗത്തുണ്ട്.(Congress has 4 rebels in Kattappana, Persuasion move fails miserably)
6, 23, 31, 33 എന്നീ ഡിവിഷനുകളിലാണ് കോൺഗ്രസ് വിമതർ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ മത്സരിക്കുന്നത്. നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാനെതിരെ മണ്ഡലം ജനറൽ സെക്രട്ടറി റിൻ്റോ സെബാസ്റ്റ്യനാണ് വിമതനായി മത്സരിക്കുന്നത്.
വാർഡ് 24-ൽ മുൻ വൈസ് ചെയർമാൻ കെ.ജെ. ബെന്നിക്കെതിരെ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി മായ ബിജു രംഗത്തുണ്ട്. 33-ാം വാർഡിൽ മുൻ വൈസ് ചെയർമാൻ ജോയ് ആനിത്തോട്ടത്തിലിനെതിരെ മുൻ ബ്ലോക്ക് സെക്രട്ടറി ജോബി സ്റ്റീഫനും മത്സരിക്കുന്നു. വാർഡ് 31-ൽ കേരള കോൺഗ്രസിലെ മേഴ്സിക്കുട്ടി ജോഫിനെതിരെ മുൻ നഗരസഭ ചെയർപേഴ്സൺ ബീന ജോബിയാണ് വിമതയായി രംഗത്തുള്ളത്.
കൂടാതെ, കട്ടപ്പന ടൗൺ വാർഡിൽ കോൺഗ്രസിനും കേരള കോൺഗ്രസിനുമായി യു.ഡി.എഫിന് രണ്ട് ഔദ്യോഗിക സ്ഥാനാർഥികളുണ്ട്. വിമതഭീഷണി യു.ഡി.എഫിന് മാത്രമല്ല, എൽ.ഡി.എഫിനും തലവേദന സൃഷ്ടിക്കുന്നുണ്ട്.
നെടുങ്കണ്ടം പഞ്ചായത്തിലെ 16-ാം വാർഡിലും രാജാക്കാട് പഞ്ചായത്തിലെ 9-ാം വാർഡിലും മുസ്ലീം ലീഗ് അംഗങ്ങൾ സ്വതന്ത്രരായി മത്സരിക്കുന്നുണ്ട്. കുമളി പഞ്ചായത്തിലെ നൂലാംപാറ വാർഡിൽ സി.പി.ഐ. മുൻ ലോക്കൽ സെക്രട്ടറി സജി വെമ്പള്ളിയും വിമതനായി രംഗത്തുണ്ട്.
