കോഴിക്കോട്: കോർപറേഷനിലെ കല്ലായി ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ബൈജു കാളക്കണ്ടി മത്സരിക്കും. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെ തുടർന്ന് സംവിധായകൻ വി.എം. വിനുവിന് മത്സരിക്കാൻ സാധിക്കാതെ വന്ന സാഹചര്യത്തിലാണ് ബൈജുവിനെ ഡി.സി.സി. നേതൃത്വം സ്ഥാനാർത്ഥിയാക്കിയത്.(Congress candidate Baiju in VM Vinu's division)
വി.എം. വിനുവിന് പകരമായി കാളക്കണ്ടി ബൈജു, സുരേഷ് ബാബു എന്നിവരുടെ പേരുകളായിരുന്നു കോൺഗ്രസ് പരിഗണനയിൽ ഉണ്ടായിരുന്നത്. തുടർന്നാണ് കോൺഗ്രസിൻ്റെ മണ്ഡലം പ്രസിഡൻ്റ് കൂടിയായ ബൈജുവിലേക്ക് നേതൃത്വം എത്തുന്നത്.
ഇന്ന് തന്നെ ബൈജു കാളക്കണ്ടി പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കും. "ലേറ്റായി വന്നാലും ലേറ്റസ്റ്റായി തന്നെ പ്രചാരണം നടത്തും, കല്ലായിയിൽ യു.ഡി.എഫ്. വിജയം ഉറപ്പാണ്," എന്നും സ്ഥാനാർത്ഥി പറഞ്ഞു. വി.എം. വിനുവിന് മത്സരിക്കാൻ സാധിക്കാത്തതിൽ വിഷമമുണ്ടെങ്കിലും, കോൺഗ്രസിൻ്റെ പ്രചാരണ പരിപാടികളിൽ അദ്ദേഹം തുടർച്ചയായി പങ്കെടുക്കുമെന്ന് നേതൃത്വം അറിയിച്ചു.