തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ കനത്ത തോൽവിക്ക് കാരണം വർഗ്ഗീയതയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാരിനെ ജനം വെറുക്കുന്നുവെന്നും ബിജെപിയുടെ അതേ അജണ്ടയാണ് സിപിഎമ്മിനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Communalism is the reason for LDF's defeat, says VD Satheesan )
"സിപിഎം കളിച്ച ഭൂരിപക്ഷ വർഗ്ഗീയ പ്രീണനത്തിന്റെ ഗുണഭോക്താവാണ് ബിജെപി." നിയമസഭാ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്ത അതേ അജണ്ടയുടെ ഫലമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ടത്. നിയമസഭാ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന ജയം ഉണ്ടായില്ലെങ്കിൽ രാഷ്ട്രീയ വനവാസം തന്നെയെന്നും വി.ഡി. സതീശൻ പറഞ്ഞു. ഒരു നല്ല വാർത്താസമ്മേളനം നടത്തി രാഷ്ട്രീയം മനസ്സിലാക്കുമെന്നും 'വാക്ക് വാക്കാണെ'ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ വിഭാഗം ജനങ്ങളോടും യുഡിഎഫിന് കടപ്പാടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് കാരണം ടീം യുഡിഎഫ് ആണെന്ന് സതീശൻ പറഞ്ഞു. "തെരഞ്ഞെടുപ്പ് പ്രചരണത്തിൽ യുഡിഎഫ് ഒറ്റക്കെട്ടായി നിന്നു. കുറെ പാർട്ടികളുടെ കൂട്ടായ്മ മാത്രമല്ല യുഡിഎഫ്, അത് സാമൂഹിക പ്രാധാന്യമുള്ള പൊളിറ്റിക്കൽ പ്ലാറ്റ്‌ഫോമാണ്."
തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ജനങ്ങളെ ആക്ഷേപിച്ച് പോസ്റ്റിട്ട എം.എം. മണിയെയും സതീശൻ വിമർശിച്ചു. മുഖ്യമന്ത്രിയടക്കം മുതിർന്ന നേതാക്കളുടെ മനസ്സിലിരിപ്പാണ് എം.എം. മണിയുടെ വിവാദ പോസ്റ്റെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ കുതിപ്പാണ് നടത്തിയത്. സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിൽ നാലെണ്ണത്തിലും യുഡിഎഫ് ഭരണം പിടിച്ചെടുത്തു. കൊച്ചി, തൃശ്ശൂർ കോർപ്പറേഷനുകൾ യുഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് കോട്ടയായ കൊല്ലത്ത് ചരിത്രവിജയമാണ് യുഡിഎഫ് നേടിയത്. കണ്ണൂർ കോർപ്പറേഷനിൽ യുഡിഎഫ് ഭരണം നിലനിർത്തുകയും ചെയ്തു.