പട്ടാമ്പി: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ പട്ടാമ്പിയിൽ മുസ്ലിംലീഗ്- വെൽഫെയർ പാർട്ടി പ്രവർത്തകർ തമ്മിൽ തർക്കവും ഉന്തും തള്ളുമുണ്ടായി. പട്ടാമ്പി നഗരസഭയിലെ പന്ത്രണ്ടാം വാർഡിലെ കൂൾ സിറ്റി ബൂത്തിന് മുന്നിലായിരുന്നു സംഘർഷം.(Clashes during voting in Pattambi during local body elections)
വെൽഫെയർ പാർട്ടി പ്രവർത്തക ബൂത്തിനകത്ത് കയറി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് മുസ്ലിംലീഗ് പ്രവർത്തകർ ആരോപിച്ചതാണ് തർക്കത്തിന് കാരണമായത്. ഉടൻ തന്നെ പോലീസെത്തി സ്ഥിതി ശാന്തമാക്കി. ഈ വാർഡിൽ മുസ്ലിംലീഗിന്റെ ടി.പി. ഉസ്മാനും, വെൽഫെയർ പാർട്ടിയുടെ സ്വതന്ത്രനായി കെ.പി. സാജിദും, കൂടാതെ അബ്ദുൽ കരീമും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്.
സി.പി.ഐ.എം. പിന്തുണയോടെയാണ് വെൽഫെയർ പാർട്ടി സ്വതന്ത്രൻ മത്സരിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ, അബ്ദുൽ കരീം തങ്ങളുടെ സ്വതന്ത്രനാണെന്നാണ് സി.പി.ഐ.എം. നേതൃത്വം അറിയിച്ചത്. വാർഡിൽ വോട്ട് കുറവായതിനാലാണ് ഇദ്ദേഹത്തിനായി പ്രചാരണത്തിനിറങ്ങാതിരുന്നതെന്നും സി.പി.ഐ.എം. വിശദീകരിച്ചു.