തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥി നിർണ്ണയം ബി.ജെ.പിയിൽ അന്തിമ ഘട്ടത്തിൽ. നഗരസഭ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ മുൻനിര നേതാക്കളെ കളത്തിലിറക്കാനാണ് ബി.ജെ.പി.യുടെ ആലോചന.(BJP's moves for Thiruvananthapuram Municipality, VV Rajesh is being considered in Kowdiar)
കോൺഗ്രസ് മുൻ എം.എൽ.എ. കെ.എസ്. ശബരീനാഥൻ മത്സരിക്കുന്ന കവടിയാർ വാർഡിൽ, ബി.ജെ.പി. മുൻ ജില്ലാ അധ്യക്ഷനായ വി.വി. രാജേഷിനെ മത്സരിപ്പിക്കാൻ ആലോചനയുണ്ട്.
വാർഡ് തലങ്ങളിൽ നിന്നുള്ള മൂന്നംഗ സ്ഥാനാർത്ഥി പട്ടിക ജില്ലാ നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. സംസ്ഥാന അധ്യക്ഷൻ്റെ അനുമതിയോടെ ഒരാഴ്ചക്കുള്ളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടക്കും. വി.വി. രാജേഷ്, മഹേശ്വരൻ നായർ, തമ്പാനൂർ സതീഷ്, എം.ആർ. ഗോപൻ, കരമന അജിത്, വി.വി. ഗിരി, എസ്.കെ.പി. രമേശ്, പാപ്പനംകോട് സജി, സിമി ജ്യോതിഷ്, ആശാ നാഥ്, മഞ്ജു ജി.എസ്. തുടങ്ങിയ നേതാക്കൾ സ്ഥാനാർത്ഥികളാകും. നഗരസഭയിലെ 71 വാർഡുകളിലാണ് ബി.ജെ.പിക്ക് സ്വാധീനമുള്ളത്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനാണ് തിരുവനന്തപുരം നഗരസഭയുടെ തിരഞ്ഞെടുപ്പ് ചുമതല.
തിരഞ്ഞെടുപ്പിന് മുന്നോടിയായി നേതാക്കളുടെ നേതൃത്വത്തിൽ പദയാത്രകൾ സംഘടിപ്പിക്കും. സംസ്ഥാന നേതാക്കൾ ഭാവിയിൽ മത്സരിക്കാൻ ഉദ്ദേശിക്കുന്ന നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് പദയാത്രകൾ നടക്കുക. രാജീവ് ചന്ദ്രശേഖർ നേമം മണ്ഡലം കേന്ദ്രീകരിച്ചും, വി. മുരളീധരൻ കഴക്കൂട്ടം കേന്ദ്രീകരിച്ചും, എസ്. സുരേഷ് കോവളം-നേമം മേഖലയിലും, വി.വി. രാജേഷ് വട്ടിയൂർക്കാവിലും, റിട്ട. ഐ.പി.എസ്. ഓഫീസർ ആർ. ശ്രീലേഖ തിരുവനന്തപുരം സെൻട്രലിലും, കരമന ജയൻ തിരുവനന്തപുരം സെൻട്രലിലും പദയാത്രകളിൽ നേതൃത്വം നൽകും.