പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ ഭാരതീയ ജനതാ പാർട്ടിക്ക് (ബി.ജെ.പി.) തിരിച്ചടി. ജില്ലയിലെ പലയിടത്തും സ്ഥാനാർത്ഥികളെ കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. 11 പഞ്ചായത്തുകളിലായി ആകെ 43 വാർഡുകളിൽ ബി.ജെ.പിക്ക് സ്ഥാനാർത്ഥികളില്ലെന്നാണ് നിലവിലെ റിപ്പോർട്ട്.(BJP suffers setback in Palakkad as No candidates in 43 wards across 11 panchayats to contest)
കഴിഞ്ഞ തവണ ശക്തി തെളിയിച്ച ഇടങ്ങളിൽ പോലും സ്ഥാനാർത്ഥികളെ നിർത്താൻ കഴിയാത്തത് ബി.ജെ.പിക്ക് വലിയ വെല്ലുവിളിയായിരിക്കുകയാണ്. ചിറ്റൂർ തത്തമംഗലം നഗരസഭയിൽ അഞ്ച് വാർഡുകളിലാണ് ബി.ജെ.പിക്ക് സ്ഥാനാർത്ഥികളില്ലാത്തത്. കാഞ്ഞിരപ്പുഴയിൽ എട്ട് വാർഡുകളിലും സ്ഥാനാർത്ഥികളില്ല.
കഴിഞ്ഞ തവണ ബി.ജെ.പി. മുഖ്യപ്രതിപക്ഷമായിരുന്ന പുതുനഗരം പഞ്ചായത്തിൽ 4 വാർഡുകളിലും മത്സരിക്കാൻ ആളില്ല. ആലത്തൂർ, അലനല്ലൂർ പഞ്ചായത്തുകളിൽ അഞ്ചിടങ്ങളിലും സ്ഥാനാർത്ഥികളെ നിർത്താൻ കഴിഞ്ഞിട്ടില്ല.
വടകരപ്പതി, വണ്ടാഴി, പെരുമാട്ടി പഞ്ചായത്തുകളിൽ 4 വാർഡുകൾ വീതം, കാരാകുറുശ്ശി, വടക്കഞ്ചേരി പഞ്ചായത്തുകളിൽ 3 വാർഡുകൾ വീതം, കിഴക്കഞ്ചേരിയിൽ 2 വാർഡുകൾ, എന്നിങ്ങനെയും മങ്കരയിൽ ഒരിടത്തും ബി.ജെ.പിക്ക് സ്ഥാനാർത്ഥികളില്ല. സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ പ്രാധാന്യമുള്ള പാലക്കാട് ജില്ലയിൽ സ്ഥാനാർത്ഥികളെ കണ്ടെത്താൻ കഴിയാത്തത് തിരഞ്ഞെടുപ്പ് രംഗത്ത് ബി.ജെ.പിക്ക് കനത്ത ക്ഷീണമായി മാറിയിരിക്കുകയാണ്.