തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തികഞ്ഞ വിജയപ്രതീക്ഷ പങ്കുവെച്ച് യു.ഡി.എഫ്. നേതാക്കൾ. ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ് പറയുന്നു. (Ayyappan will take a decision in favor of UDF, says Adoor Prakash)
തീരുമാനങ്ങളെല്ലാം മുൻകൂട്ടി എടുക്കാൻ കഴിഞ്ഞെന്നും വിജയിക്കുമെന്ന് പൂർണ്ണ ആത്മവിശ്വാസമുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു. "ശബരിമലയിൽ കൊള്ള നടത്തിയവർക്ക് അനുകൂലമായി അയ്യപ്പൻ ചിന്തിക്കില്ലെന്ന് ഉറപ്പുണ്ട്. അയ്യപ്പൻ യു.ഡി.എഫിന് അനുകൂലമായി തീരുമാനം കൈക്കൊള്ളും." ശബരിമല വിഷയത്തിൽ സെക്രട്ടറിയേറ്റ് മാർച്ച് അടക്കം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സ്ഥാനാർത്ഥി നിർണ്ണയമടക്കമുള്ള കാര്യങ്ങളിലെ അഭിപ്രായഭിന്നതകൾ അതാത് സ്ഥലങ്ങളിൽ പരിഹരിക്കും. റിബലുകൾ വരാതിരിക്കാൻ പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. വെൽഫെയർ പാർട്ടിയുമായുള്ള സഖ്യത്തിൽ മുന്നണി കൂട്ടായി ആലോചിക്കുമെന്നും ഡിസംബർ 13-ന് (വോട്ടെണ്ണൽ ദിവസം) കാണാമെന്നും അദ്ദേഹം പറഞ്ഞു.