തൃശ്ശൂർ: വടക്കാഞ്ചേരി മുൻ എം.എൽ.എ.യും കോൺഗ്രസ് നേതാവുമായ അനിൽ അക്കര തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കും. അദ്ദേഹം മുൻപ് നേതൃത്വം നൽകിയിരുന്ന അടാട്ട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് ഇത്തവണ അനിൽ അക്കര ജനവിധി തേടുന്നത്.(Anil Akkara to contest in Panchayat elections)
അനിൽ അക്കരയുടെ രാഷ്ട്രീയ ജീവിതം പ്രധാനമായും തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ് ആരംഭിക്കുന്നത്. 2000 മുതൽ 2010 വരെ അടാട്ട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. 2000-ൽ ഏഴാം വാർഡിൽ 400 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 2005-ൽ പതിനൊന്നാം വാർഡിൽ 285 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം നേടി.
2000 മുതൽ 2003 വരെ പഞ്ചായത്ത് വൈസ് പ്രസിഡന്റായും 2003 മുതൽ 2010 വരെ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ പഞ്ചായത്തിന് നേടിക്കൊടുത്തു. 2010-ൽ പേരാമംഗലം ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്തംഗമായി മത്സരിച്ച് 14,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. രണ്ടര വർഷം വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനായും ഒരു മാസം ആക്ടിംഗ് പ്രസിഡന്റായും പ്രവർത്തിച്ചു.
2016-ലാണ് അദ്ദേഹം വടക്കാഞ്ചേരിയിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 45 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനായിരുന്നു അന്ന് വിജയം. എന്നാൽ 2021-ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹം 15,000-ത്തോളം വോട്ടിന്റെ പരാജയം ഏറ്റുവാങ്ങി. നിയമസഭയിൽ നിന്നും തദ്ദേശ ഭരണ സ്ഥാപനത്തിലേക്ക് അദ്ദേഹം തിരിച്ചെത്തുന്ന ഈ മത്സരം അടാട്ട് പഞ്ചായത്തിൽ ഏറെ ശ്രദ്ധേയമാകും.