രണ്ടാം ഘട്ട തദ്ദേശപ്പോര് : തൃശ്ശൂരിലും പാലക്കാട്ടും കള്ളവോട്ട് ആരോപണം | Local body elections

വോട്ടിനൊപ്പം സംഘർഷങ്ങളും നീങ്ങുന്നുണ്ട്
Allegations of fake votes in Thrissur and Palakkad in Local body elections
Updated on

തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കവെ തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ കള്ളവോട്ട് ആരോപണങ്ങളും കണ്ണൂരിൽ വ്യാപകമായ സംഘർഷങ്ങളും റിപ്പോർട്ട് ചെയ്തു. തൃശ്ശൂരിൽ ഒരാൾ രണ്ട് വോട്ട് ചെയ്തതിനെ തുടർന്ന് വോട്ടെടുപ്പ് മുക്കാൽ മണിക്കൂറോളം നിർത്തിവെക്കേണ്ടിവന്നു.(Allegations of fake votes in Thrissur and Palakkad in Local body elections)

ചെന്ത്രാപ്പിന്നി ചാമക്കാല, എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡ് ചാമക്കാല ഗവ. മാപ്പിള സ്‌കൂളിലെ ഒന്നാം നമ്പർ ബൂത്തിൽ ഒരാൾ രണ്ട് വോട്ട് ചെയ്തെന്ന പരാതിയെ തുടർന്നാണ് വോട്ടെടുപ്പ് തടസ്സപ്പെട്ടത്. അവസാനം വോട്ട് ചെയ്ത ആൾ ബീപ് ശബ്ദം വന്നില്ലെന്ന് പരാതിപ്പെട്ടതിനെ തുടർന്ന് ഇയാൾക്ക് രണ്ടാമതും വോട്ട് ചെയ്യാൻ അനുമതി നൽകി. ഇതോടെ മെഷീനിൽ 246 പേർ വോട്ട് ചെയ്തപ്പോൾ 247 വോട്ടായി. ഇയാളുടെ രണ്ട് വോട്ടും മെഷീനിൽ രേഖപ്പെട്ടിരുന്നു.

മുക്കാൽ മണിക്കൂറോളം തടസ്സപ്പെട്ട വോട്ടെടുപ്പ് ഒടുവിൽ റിട്ടേണിംഗ് ഓഫീസർ സ്ഥലത്തെത്തി പ്രശ്നം പരിഹരിച്ചതിനെ തുടർന്ന് പുനഃസ്ഥാപിച്ചു. സംഭവം ഓഫീസർ ഡയറിയിൽ രേഖപ്പെടുത്തുമെന്നും, ആവശ്യമെങ്കിൽ വോട്ടെണ്ണൽ സമയത്ത് റീപോളിങ് നടത്താൻ നടപടി സ്വീകരിക്കുമെന്നും അറിയിച്ചതോടെയാണ് തർക്കം അവസാനിച്ചത്.

പാലക്കാട് കരിമ്പ പഞ്ചായത്തിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കള്ളവോട്ടിന് ശ്രമിച്ചതായി സി.പി.എം. ആരോപിച്ചു. കരിമ്പ വാർഡ് 15 ബൂത്തിൽ ആദ്യ വോട്ട് ചെയ്ത ലീഗ് പ്രവർത്തകൻ വാർഡ് 11-ൽ വോട്ട് ചെയ്യാൻ എത്തിയെന്നാണ് സി.പി.എം. പരാതി. സി.പി.എം. നേതാക്കൾ നൽകിയ പരാതി കല്ലടിക്കോട് പോലീസ് പരിശോധിക്കുകയാണ്. എന്നാൽ, താൻ വോട്ട് ചെയ്യാനല്ല എത്തിയതെന്നാണ് ആരോപണവിധേയൻ നൽകുന്ന വിശദീകരണം.

Related Stories

No stories found.
Times Kerala
timeskerala.com