

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പിനിടെ പാലക്കാട് കരിമ്പ പഞ്ചായത്തിൽ കള്ളവോട്ടിന് ശ്രമം നടന്നതായി ആരോപണം. മുസ്ലിം ലീഗ് പ്രവർത്തകൻ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചതായി ചൂണ്ടിക്കാട്ടി സിപിഎം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി.(Allegations of fake votes, Clashes erupt in Palakkad Karimba Panchayat)
കരിമ്പ പഞ്ചായത്തിലെ വാർഡ് 15-ലെ ബൂത്തിലാണ് സംഭവം. വാർഡ് 15-ലെ ബൂത്തിൽ ആദ്യ വോട്ട് രേഖപ്പെടുത്തിയ മുസ്ലിം ലീഗ് പ്രവർത്തകൻ തന്നെ, പിന്നീട് വാർഡ് 11-ലെ ബൂത്തിൽ വീണ്ടും വോട്ട് ചെയ്യാനെത്തി എന്നാണ് സിപിഎമ്മിൻ്റെ ആരോപണം. കള്ളവോട്ടിന് ശ്രമം നടന്നു എന്നാരോപിച്ച് സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു. സംഭവത്തെ തുടർന്ന് പോളിങ് സ്റ്റേഷന് സമീപം നേരിയ സംഘർഷാവസ്ഥ ഉടലെടുത്തു.
സിപിഎം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ബൂത്തിലെ ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങൾ പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.