തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ തിരുവനന്തപുരം വഞ്ചിയൂർ വാർഡിൽ കള്ളവോട്ട് ആരോപണത്തെത്തുടർന്ന് സംഘർഷം. സി.പി.എം. വ്യാപകമായി കള്ളവോട്ട് ചെയ്തു എന്ന് ആരോപിച്ചാണ് ബി.ജെ.പി. പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.(Allegation of fake votes, Clashes in Vanchiyoor, Thiruvananthapuram)
വഞ്ചിയൂർ ബൂത്ത് ഒന്നിൽ കള്ളവോട്ട് നടന്നെന്നാണ് ബി.ജെ.പി.യുടെ പ്രധാന ആരോപണം. ഇവിടെ റീപോളിങ് നടത്തണമെന്നാണ് ബി.ജെ.പി. ആവശ്യപ്പെടുന്നത്. നേരത്തെയും വഞ്ചിയൂരിൽ സി.പി.എമ്മിന് അനുകൂലമായി വോട്ടർ പട്ടികയിൽ നിന്നും ആളുകളെ കൂട്ടത്തോടെ വെട്ടിമാറ്റുകയും പുതിയ ആളുകളെ ചേർക്കുകയും ചെയ്തെന്ന് കോൺഗ്രസും ബി.ജെ.പി.യും ആരോപിച്ചിരുന്നു.
വഞ്ചിയൂരിൽ താമസിക്കാത്ത ആളുകളെ പുറത്തുനിന്ന് കൊണ്ടുവന്ന് വോട്ടർ പട്ടികയിൽ ചേർത്തത് കള്ളവോട്ടാണെന്നും ഇതിൽ പോളിങ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ട് എന്നും ബി.ജെ.പി. ആരോപിക്കുന്നു. നിലവിൽ ബി.ജെ.പി. പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. എന്നാൽ, ബി.ജെ.പി. ഉന്നയിച്ച കള്ളവോട്ട് ആരോപണങ്ങൾ സി.പി.എം. പൂർണ്ണമായും തള്ളിയിട്ടുണ്ട്.