ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിൽ സ്ഥാനാർത്ഥി തർക്കം രൂക്ഷമായ അമ്പലപ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.ആർ. കണ്ണനാണ് കോൺഗ്രസ് സ്ഥാനാർത്ഥി.നിരവധി നേതാക്കൾ സീറ്റിനായി ശ്രമിച്ചിരുന്ന സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി. പ്രവീണിന് സീറ്റ് ലഭിച്ചില്ല.(Alappuzha seat dispute, Congress announces candidate)
സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ച് എം.പി. പ്രവീൺ രംഗത്തെത്തി. തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രവീൺ നേതൃത്വത്തിനെതിരെ പരോക്ഷമായി പ്രതിഷേധം അറിയിച്ചത്. "പോലീസിൽ നിന്ന് കിട്ടിയ അടിയേക്കാൾ വേദന തോന്നുന്ന നീതിയില്ലാത്ത തീരുമാനം വരുമ്പോൾ കോൺഗ്രസ്സ് പാർട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മത്സ്യത്തൊഴിലാളിയായ ഒരച്ഛനും മകനും തീർത്തും നിസ്സഹായരാണ്. കാലം സാക്ഷി. ചരിത്രം സാക്ഷി.. പ്രതിസന്ധികളിലും പോരാട്ടങ്ങളിലും കൂടെ നിന്ന ഏവർക്കും നന്ദി," എന്ന് അദ്ദേഹത്തെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
നേതൃത്വത്തിൻ്റെ ഈ തീരുമാനത്തിൽ പ്രവീൺ ശക്തമായ അതൃപ്തി രേഖപ്പെടുത്തുന്നതിനൊപ്പം, കോൺഗ്രസ് പാർട്ടിക്ക് വേണ്ടി താനും കുടുംബവും നൽകിയ സേവനവും ചൂണ്ടിക്കാണിക്കുന്നുണ്ട്. നിലവിൽ സീറ്റുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധയിടങ്ങളിൽ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.