കൊല്ലം: വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രധാന കോർപ്പറേഷനുകളിൽ മുതിർന്ന നേതാക്കളെ രംഗത്തിറക്കി പ്രചാരണം ശക്തമാക്കാൻ കോൺഗ്രസ് തീരുമാനിച്ചു. കൊല്ലം കോർപ്പറേഷനിലെ മേയർ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു, ഒപ്പം തിരുവനന്തപുരത്ത് മുൻ എം.എൽ.എ. കെ.എസ്. ശബരീനാഥൻ മത്സരിക്കുന്ന വാർഡിലും വ്യക്തതയായി.(AK Hafeez, Congress' mayoral candidate in Kollam Corporation)
കൊല്ലം കോർപ്പറേഷനിൽ കോൺഗ്രസിന്റെ മേയർ സ്ഥാനാർത്ഥി മുൻ കോർപ്പറേഷൻ പ്രതിപക്ഷ നേതാവും നിലവിൽ ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റുമായ എ.കെ. ഹഫീസ് ആയിരിക്കും.
ആദ്യഘട്ടത്തിൽ 13 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കൂടാതെ, ഇന്ന് (ചൊവ്വാഴ്ച) 12 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. യു.ഡി.എഫിലെ ഘടകകക്ഷിയായ ആർ.എസ്.പി. 10 സീറ്റിൽ മത്സരിക്കുമെന്നും വി.എസ്. ശിവകുമാർ വ്യക്തമാക്കി.
തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചെടുക്കാൻ കെ.എസ്. ശബരീനാഥനെ കളത്തിൽ ഇറക്കി പ്രചാരണം ശക്തമാക്കാനാണ് കോൺഗ്രസിന്റെ നീക്കം. തിരഞ്ഞെടുപ്പിൽ കവടിയാർ വാർഡിൽ ശബരീനാഥനെ മത്സരിപ്പിക്കാനാണ് ഇന്നലെ ഡി.സി.സി. ഓഫീസിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ തീരുമാനമായത്.
കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കരുത്തുകാട്ടാൻ മുതിർന്ന നേതാക്കളെ മത്സരിപ്പിക്കണമെന്ന എ.ഐ.സി.സി.യുടെ നിർദേശത്തെ തുടർന്നാണ് ശബരീനാഥനെ ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസിൽ ധാരണയായത്. മുതിർന്ന നേതാക്കളെ കോർപ്പറേഷൻ തിരഞ്ഞെടുപ്പുകളിൽ രംഗത്തിറക്കുന്നത് യു.ഡി.എഫ്. ക്യാമ്പിന് ആവേശം പകരും എന്നാണ് വിലയിരുത്തൽ.