തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ നീക്കവുമായി ജഗതി വാർഡിലെ ഇടതു മുന്നണി സ്ഥാനാർഥിയും നടനുമായ പൂജപ്പുര രാധാകൃഷ്ണൻ. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി താമസിക്കുന്ന ജഗതി വാർഡിലാണ് കേരള കോൺഗ്രസ് (ബി) സ്ഥാനാർഥിയായി പൂജപ്പുര രാധാകൃഷ്ണൻ മത്സരിക്കുന്നത്.(AK Antony to LDF candidate Poojappura Radhakrishnan who came seeking votes)
പ്രചാരണത്തിൻ്റെ ഭാഗമായി എ.കെ. ആന്റണിയെ വീട്ടിൽ പോയി കണ്ടാണ് പൂജപ്പുര രാധാകൃഷ്ണൻ അനുഗ്രഹം തേടിയത്. തന്നെ കാണാൻ വന്നതിൽ സന്തോഷമുണ്ടെന്നും നടനായ പൂജപ്പുര രാധാകൃഷ്ണനെ ഇഷ്ടമാണെന്നും കൂടിക്കാഴ്ചയോട് എ.കെ. ആന്റണി പ്രതികരിച്ചു. എന്നാൽ, കോൺഗ്രസുകാരനായതിനാൽ വോട്ട് തരാനോ ആശംസിക്കാനോ കഴിയില്ലെന്നും ആന്റണി വ്യക്തമാക്കി.
"കോൺഗ്രസുകാരനായതുകൊണ്ടാണ് എ.കെ. ആന്റണി അനുഗ്രഹിക്കാത്തത്," എന്നായിരുന്നു പൂജപ്പുര രാധാകൃഷ്ണൻ്റെ മറുപടി. "എങ്കിലും ഇതെല്ലാം ഇഷ്ടമാണ്, ജനാധിപത്യമല്ലേ," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്ക് രാഷ്ട്രീയ ശത്രുക്കളില്ലെന്നും എതിരാളികൾ മാത്രമേയുള്ളൂ എന്നും പൂജപ്പുര രാധാകൃഷ്ണൻ പറഞ്ഞു. ആരോഗ്യകരമായ മത്സരത്തിൽ ഇത്തരം സന്തോഷങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ തന്നെ പ്രചാരണം ആരംഭിച്ച രാധാകൃഷ്ണൻ പരമാവധി വോട്ടുപിടിക്കാനുള്ള ശ്രമത്തിലാണ്.