മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലമ്പൂർ മുസ്ലീം ലീഗ് നേതൃത്വത്തിൽ രൂക്ഷമായ പൊട്ടിത്തെറി. സീറ്റ് വിഭജനത്തിലെ തർക്കത്തെ തുടർന്ന് ലീഗ് പ്രവർത്തക സമിതി യോഗത്തിൽ നിന്ന് ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും ഇറങ്ങിപ്പോയി. ഇവർ അഞ്ച് ഡിവിഷനുകളിൽ വിമത സ്ഥാനാർഥികളെ നിർത്താൻ ആലോചിക്കുന്നതായി അറിയിച്ചു.(A section of leaders walked out from the Muslim League Working Committee meeting in Nilambur)
ഇന്നലെ ചേർന്ന യോഗത്തിലാണ് തർക്കം രൂക്ഷമായത്. മുമ്മുള്ളി വാർഡിനെ ചൊല്ലിയായിരുന്നു പ്രധാന തർക്കം. ലീഗ് മുനിസിപ്പൽ സെക്രട്ടറി നാണിക്കുട്ടി കൂമഞ്ചേരിയെയാണ് മുമ്മുള്ളി വാർഡിൽ ഔദ്യോഗികമായി ലീഗ് പരിഗണിക്കുന്നത്.
എന്നാൽ, മുൻ കൗൺസിലർ മുജീബ് ദേവശ്ശേരിയെ മത്സരിപ്പിക്കണമെന്ന് ഒരു വിഭാഗം ശക്തമായി ആവശ്യപ്പെട്ടു. ഈ ആവശ്യം നേതൃത്വം തള്ളിയതോടെയാണ് യോഗത്തിൽ വാക്കേറ്റമുണ്ടാവുകയും ഭിന്നത രൂക്ഷമാവുകയും ചെയ്തത്. മുജീബ് ദേവശ്ശേരിയെ അനുകൂലിക്കുന്ന വിഭാഗം നിലമ്പൂർ നഗരസഭയിലെ അഞ്ച് ഡിവിഷനുകളിൽ വിമത സ്ഥാനാർത്ഥികളെ നിർത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ആ ഡിവിഷനുകൾ മുമ്മുള്ളി, ചാരംകുളം, പാത്തിപ്പാറ, വീട്ടിച്ചാൽ (കോൺഗ്രസ് മത്സരിക്കുന്ന സീറ്റ്), തോണിപ്പൊയിൽ എന്നിവയാണ്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച മുഴുവൻ സീറ്റുകളിലും ലീഗ് നിലമ്പൂരിൽ പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ, വിമത സ്ഥാനാർത്ഥികളുടെ രംഗപ്രവേശം മുന്നണിയുടെ വിജയ സാധ്യതകളെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.