കണ്ണൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായതോടെ കണ്ണൂരിലും കാസർഗോഡും ചില സ്ഥാനാർത്ഥികൾ എതിരാളികളില്ലാതെ വിജയം ഉറപ്പിച്ചു. കണ്ണൂർ ജില്ലയിൽ 8 എൽ.ഡി.എഫ്. സ്ഥാനാർത്ഥികൾക്കാണ് ഔദ്യോഗിക പ്രഖ്യാപനം മാത്രം ബാക്കിയുള്ളത്. കാസർഗോഡ് ഒരു മുസ്ലീം ലീഗ് സ്ഥാനാർത്ഥിയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.(8 LDF candidates in Kannur and one Muslim League candidate in Kasaragod are unopposed)
നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയിൽ എതിരാളികളുടെ പത്രിക തള്ളിയതോടെയാണ് എൽ.ഡി.എഫിന്റെ വിജയങ്ങൾ എട്ടായി ഉയർന്നത്.കണ്ണൂർ ആന്തൂർ നഗരസഭയിലെ മൊറാഴ (രണ്ടാം വാർഡ്), പൊടിക്കുണ്ട് (19-ാം വാർഡ്) എന്നീ വാർഡുകളിൽ കെ. രജിതയും കെ. പ്രേമരാജനുമാണ് എതിരില്ലാതെ വിജയം ഉറപ്പിച്ചത്. ഈ വാർഡുകളിൽ യു.ഡി.എഫിന്റെയും ബി.ജെ.പി.യുടെയും സ്ഥാനാർത്ഥികളോ സ്വതന്ത്രരോ പത്രിക നൽകിയിരുന്നില്ല.
മലപ്പട്ടം ഗ്രാമപഞ്ചായത്തിൽ 5, 6 വാർഡുകളിലാണ് എൽ.ഡി.എഫ്. സ്ഥാനാർത്ഥികൾക്ക് എതിരില്ലാത്തത്. ഇവിടെ 5-ാം വാർഡിൽ ഐ.വി. ഒതേനനും 6-ാം വാർഡിൽ സി.കെ. ശ്രേയയുമാണ് എതിരില്ലാതെ വിജയം ഉറപ്പിച്ചത്. കൂടാതെ, മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ കൊവുന്തലയിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി എം.വി. ഷിഗിനയും എതിരില്ലാതെ വിജയിച്ചു.
കണ്ണപുരം ഗ്രാമപഞ്ചായത്തിലെ 14, 13 വാർഡുകളിലും എൽ.ഡി.എഫ്. സ്ഥാനാർത്ഥികൾക്ക് എതിരില്ല. ഇവിടെ 14-ാം വാർഡിൽ പി.വി. രേഷ്മയും 13-ാം വാർഡിൽ രീതി പി.യുമാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. സൂക്ഷ്മ പരിശോധനയിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെ, കണ്ണപുരം പഞ്ചായത്തിൽ പത്താം വാർഡിൽ എൽ.ഡി.എഫിലെ പ്രേമ സുരേന്ദ്രനും എതിരില്ലാതെ വിജയിച്ചു.
കാസർഗോഡ് ജില്ലയിൽ മംഗൽപ്പാടി പഞ്ചായത്തിലെ 24-ാം വാർഡായ മണിമുണ്ടയിൽ നിന്നാണ് മുസ്ലീം ലീഗ് സ്ഥാനാർത്ഥി ഷമീന എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റാണ് ഷമീന. കണ്ണൂർ ആന്തൂർ നഗരസഭയിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ സി.പി.എമ്മുകാർ ഭീഷണിപ്പെടുത്തിയെന്ന് യു.ഡി.എഫ്. ആരോപിച്ചു. 26-ാം വാർഡിൽ മത്സരിക്കുന്ന ലിവ്യയെ ഭീഷണിപ്പെടുത്തി സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നു എന്ന് എഴുതി വാങ്ങിച്ചെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.